Sorry, you need to enable JavaScript to visit this website.

കുഴൽനാടന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ- കെ.സുധാകരൻ

കണ്ണൂർ-മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വെല്ലുവിളിച്ചു. ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തം. മുഖ്യമന്ത്രിയുടെ രീതിയല്ല മാത്യു കുഴൽനാടന്റേത്. എത്രയോ അന്തസോടു കൂടിയാണ് അദ്ദേഹം സി.പി.എമ്മുകാരെ വെല്ലുവിളിച്ചത്. അവരുടെ ഏതു നേതാക്കൾക്കും വന്നു രേഖ പരിശോധിക്കാമെന്നു പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹം നടത്തിയ പ്രസ്താവനകൾ കേൾക്കുന്നവർക്ക് അതിലെ സുതാര്യത തിരിച്ചറിയാം. പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
''ആർക്കും വന്ന് രേഖകൾ പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചില്ലേ? പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ? മാത്യു കുഴൽനാടനും കോൺഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങൾക്ക് ഏതു രേഖ വേണം? തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സി.പി.എം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി സി.പി.എം ഏറ്റെടുക്കാത്തത്?'അഴിമതി ആരോപണം ഉയർന്നപ്പോൾ ഇത്ര നട്ടെല്ലോടെ പ്രതികരിച്ച കുഴൽനാടനെപോലുള്ള മറ്റൊരു പൊതുപ്രവർത്തകനുണ്ടോ? അദ്ദേഹത്തിന് യാതൊരു ഭയപ്പാടുമില്ല. ഞങ്ങളൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്. പക്ഷേ, ഒരു പരാതിയെക്കുറിച്ചും അദ്ദേഹത്തിന് ഭയപ്പാടില്ല. അദ്ദേഹത്തിന്റെ കൈവശം എല്ലാ രേഖകളുമുണ്ട്. അത് ആർക്കും കൊടുക്കും. ആർക്കും പരിശോധിക്കാം. ഇതെല്ലാം പറയുന്നതിന് അപ്പുറം വേറെ എന്തു വേണമെന്നും സുധാകരൻ ചോദിച്ചു.
സി.പി.എമ്മുകാർ പറഞ്ഞുപറഞ്ഞ് എത്ര പുകമറകളാണ് തീർത്തിരിക്കുന്നത്. എന്റെ പിന്നിൽ ഇ.ഡിയുണ്ട്. എന്റെ പിന്നിൽ വിജിലൻസുണ്ട്, എന്റെ പിന്നിൽ മറ്റു കേസുകളുണ്ട് എന്നെല്ലാം പറഞ്ഞിട്ട് എന്തായി? വെറുതെ ആളുകൾക്കു മുന്നിൽ പുകമറ സൃഷ്ടിക്കുക, ആളുകളെ ഇകഴ്ത്തിക്കാട്ടുക തുടങ്ങിയ സി.പി.എമ്മിന്റെ നാണംകെട്ട, നെറികെട്ട ശൈലിയാണത്. യാതൊരു ധാർമികതയുമില്ലാതെ അവർ ഇത്രയും അധപതിച്ചതിൽ വിഷമമുണ്ട്. മുഖ്യമന്ത്രിക്കു പോലും ധാർമികതയില്ലെന്നും സുധാകരൻ പറഞ്ഞു.
ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ട് ആ മനുഷ്യൻ ഒരു വാക്ക് ഉരിയാടിയോ? ആർക്കാണ് ആണത്തമുള്ളത്? മുഖ്യമന്ത്രിക്കാണോ കുഴൽനാടനാണോ? മറുപടി പറയാനുള്ള നട്ടെല്ലും തന്റേടവും മുഖ്യമന്ത്രിക്കുണ്ടോ? പത്രക്കാരുടെ മുന്നിൽ അദ്ദേഹത്തിന്റെ നാവു പൊങ്ങിയോ? നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കാൻ അദ്ദേഹം തയാറായോ? ഒരു വശത്ത് ഇങ്ങനെയൊരു മുഖ്യമന്ത്രി. മറുവശത്ത്, തന്റെ കൈവശമുള്ള എല്ലാ രേഖകളും നൽകാമെന്നും അഴിമതി കണ്ടെത്താനും വെല്ലുവിളിക്കുന്ന മാത്യു കുഴൽനാടൻ. അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന സി.പി.എമ്മുകാർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. സി.പി.എമ്മിന്റെ അണികൾക്കു പോലും ഇതിൽ സംശയമുണ്ടാകില്ല എന്ന് എനിക്ക് പൂർണ ബോധ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ എത്ര ആരോപണങ്ങൾ ഉയർന്നു. സി.പി.എമ്മും കേന്ദ്ര ഏജൻസിയും തമ്മിൽ ധാരണയില്ലെങ്കിൽ പിണറായി വിജയൻ ഇങ്ങനെ ഇറങ്ങി നടക്കുമോ? എന്നേ കൽത്തുറുങ്കിൽ പോകില്ലേ? അദ്ദേഹത്തിന് എല്ലാവിധ ആനുകൂല്യവും നൽകുന്നത് ബി.ജെ.പിയല്ലേ? എന്താണ് ലാവ്ലിൻ കേസ് ഇപ്പോഴും എടുക്കാത്തത് ആ കേസ് 33 തവണയല്ലേ മാറ്റിവച്ചത് അത് കേസെടുത്താൽ പിണറായി വിജയൻ അകത്താണ്. സാമ്പത്തികമായ എത്രയോ കുറ്റകൃത്യങ്ങൾ അദ്ദേഹത്തിന് എതിരെ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സെക്രട്ടറി ജയിലിൽ കിടക്കുകയാണ്. സെക്രട്ടറി ജയിലിൽ കിടക്കുമ്പോൾ മന്ത്രിയും ജയിലിൽ കിടക്കേണ്ടേ? ശിവശങ്കർ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ചെയ്ത കാര്യങ്ങൾക്കല്ലേ ജയിലിൽ കിടക്കുന്നത്? അപ്പോൾ മുഖ്യമന്ത്രിയും ജയിലിൽ കിടക്കേണ്ടേ? തന്റെ പ്രവൃത്തികളുടെ പേരിൽ സെക്രട്ടറി ജയിലിൽ, അതിന് ഉത്തരവു കൊടുത്ത മുഖ്യമന്ത്രിക്ക് യാതൊരു പ്രശ്‌നവുമില്ല. മുഖ്യമന്ത്രിക്കെതിരെ കേസില്ല. കേസുണ്ടാകില്ല. കാരണം അവർ ബിജെപിയുമായി ധാരണയിലാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ കള്ളപ്പണം പിടിച്ചില്ലേ. ആ കേസിൽ വിജിലൻസ് കേസു പോലുമില്ലല്ലോ. പിണറായി വിജയന്റെ പോലീസും അന്വേഷിച്ചില്ലല്ലോ. സി.പി.എമ്മിന്റെ അഴിമതിക്ക് ബി.ജെ.പിക്കാർ കാവലിരിക്കുന്നു. ബി.ജെ.പിക്കാർ അഴിമതി നടത്തുമ്പോൾ സി.പി.എമ്മുകാരും കാവലിരിക്കുന്നു. കോൺഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിന് കേരളത്തിൽ അവർ സി.പി.എമ്മിനെ പിന്തുണയ്ക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

പാർട്ടി ഫണ്ടിലേക്കു കാശു വാങ്ങിയതാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടുണ്ട്. പാർട്ടി എല്ലാവരോടും പാർട്ടി ഫണ്ടിലേക്ക് കാശു വാങ്ങുന്നുണ്ട്. കാശു വാങ്ങാതെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് പ്രവർത്തിക്കാനാകുമോയെന്നും കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. കാശു വാങ്ങുന്നതിനെക്കുറിച്ച് വി.എം.സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പാർട്ടി നടക്കണമെങ്കിൽ പാർട്ടിക്കു ഫണ്ടു വേണം. ഫണ്ട് ഉണ്ടെങ്കിൽ മാത്രമേ പാർട്ടി മുന്നോട്ടു പോകാനാകുവെന്നും  സുധാകരൻ കൂട്ടിച്ചേർത്തു.
 

Latest News