അജ്മാന്‍- തൊഴില്‍ തേടി വിസിറ്റ് വിസയില്‍ യുഎഇയിലെത്തി താല്‍ക്കാലിക ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍നിന്ന് താഴേക്കു പതിച്ച് ഗുരുതരമായി പരിക്കേറ്റ ബിഹാര്‍ സ്വദേശി അശോക് ചൗധരിക്ക് ഒടുവില്‍ പുതുജീവനുമായി സന്തോഷത്തോടെ മടക്കം. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കു ശേഷം അശോക് യുഎഇയില്‍നിന്ന് തിരിച്ചു നാട്ടിലേക്കു പറന്നു. അജ്മാനിലെ ഇന്ത്യന്‍ അസോസിയേഷന്റേയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടേയും ഇടപെടലാണ് അശോകിന് തുണയായത്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് അശോക് യുഎഇയിലെത്തിയത്. ഒരു നിര്‍മാണ കമ്പനിയുടെ അജ്മാനിലെ നിര്‍മാണ സ്ഥലത്ത് താല്‍ക്കാലിക ജോലി ലഭിച്ചു. ഇതിനിടെയാണ് അപകടമുണ്ടായത്. ഒമ്പതാം നിലയില്‍ ഉറപ്പിച്ചിക്കുന്ന തട്ടില്‍ നിന്ന് കാല്‍ തെന്നി താഴേക്കു പതിക്കുകയായിരുന്നു. താഴെ എലിവേറ്ററിനു മുകളിലാണ് പതിച്ചത്. ഒരു കാലൊടിഞ്ഞു. ഇടുപ്പെല്ല് പൊട്ടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിക്കുമ്പോള്‍ കോമയിലായിരുന്നു. കമ്പനിയുടെ ഉടമ തന്നെ നേരിട്ട് അജ്മാനിലെ ഖലീഫ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലയില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായപ്പോള്‍ സ്ഥിര വിസയില്ലാത്തതും അശോകിന്റെ ഓര്‍മശേഷി നഷ്ടപ്പെട്ടതും തിരിച്ചടിയായി. ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കാനോ ശരിയായ രീതിയില്‍ പെരുമാറാനോ അശോകിന് കഴിയുമായിരുന്നില്ല. ഖലീഫ ഹോസ്പിറ്റല്‍ അധികൃതര്‍ അശോകിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്ത് കമ്പനിയുടെ സഹായത്തോടെ ഫിസിയോതെറപ്പി ചികിത്സ നടത്തിയതോട അശോകിന്റെ നിലയില്‍ വീണ്ടു പുരോഗതി ഉണ്ടായി.
എങ്കിലും നാട്ടിലേക്കു തിരിച്ചയക്കാന്‍ അശോകിന്റെ കുടുംബത്തെ കണ്ടെത്താന്‍ വഴികളൊന്നുമുണ്ടായിരുന്നില്ലെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു. അശോകിന്റെ ഓര്‍മശക്തിയില്‍ പുരോഗതി ഉണ്ടായതോടെ ബിഹാര്‍ പോലീസിന്റെ സഹായത്തോടെ ബിഹാറിലെ അഹിയാപൂരില്‍ ബന്ധുക്കളെ കണ്ടെത്തി. അവരെ ബന്ധപ്പെട്ടു. ഇപ്പോഴും ശരിയായ രീതിയില്‍ സംസാരിക്കാന്‍ അശോകിനു കഴിയില്ല. ദാരിദ്ര്യം കാരണം അശോകിനെ പരിപാലിക്കാനുള്ള സാമ്പത്തിക ശേഷി വീട്ടുകാര്‍ക്കില്ലായിരുന്നു. ഇതു കണ്ടറിഞ്ഞ് ഖലീഫ ഹോസ്പിറ്റല്‍ ആശുപ്ത്രി ബില്ലുകള്‍ എഴുതിത്തള്ളി. കമ്പനിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരവും തരപ്പെടുത്തി. 18,702 ദിര്‍ഹം (3.5 ലക്ഷം രൂപ) നഷ്ടപരിഹാരമായി അശോകിന്റെ കുടുംബത്തിന് കമ്പനി അയച്ചു കൊടുത്തു. നാട്ടിലേക്കു തിരിച്ച അശോകിനൊപ്പം ഒരു ജീവനക്കാരനേയും കമ്പനി പറഞ്ഞയച്ചു. യാത്രാ ചെലവുകളും കമ്പനി വകയായിരുന്നു.