മക്ക - ഹജ് അനുമതി പത്രമില്ലാത്ത മുക്കാൽ ലക്ഷത്തോളം പേരെ മക്കയിൽ പ്രവേശിക്കുന്നതിന് അനുവദിക്കാതെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ശവ്വാൽ 25 (ജൂലൈ ഒമ്പതു) മുതൽ ദുൽഖഅ്ദ ഏഴു (ജൂലൈ 20) വരെയുള്ള ദിവസങ്ങളിൽ 72,037 പേരെയാണ് ഹജ് അനുമതി പത്രമില്ലാത്തതിന്റെ പേരിൽ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചത്. ഹജ് കാലത്ത് മക്കയിൽ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് നേടാത്ത 30,449 വാഹനങ്ങളും ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. മക്കയുടെ പ്രവേശന കവാടങ്ങളിലുള്ള ന്യൂ ശുമൈസി, തൻഈം, അൽകർ, കഅ്കിയ, ഓൾഡ് ശുമൈസി, സബൂഹ, അൽബുഹൈത എന്നീ ചെക്ക് പോസ്റ്റുകളിലും തായിഫിലെ ചെക്ക് പോസ്റ്റുകളിലുമാണ് ഹജ് അനുമതി പത്രമില്ലാത്തവരെ തടയുന്നത്.
മലയാളി കുടുംബം മാപ്പ് നല്‍കി; യു.പി സ്വദേശിയുടെ വധശിക്ഷ ഒഴിവായി
അഞ്ച് മലയാളി വനിതാ പോലീസുകാര്‍ പുണ്യഭൂമിയില്‍; ഹജ് സേവനത്തിന് വനിതകള്‍ ഇതാദ്യം
ഹജ് കാലത്ത് മൂന്നു വിഭാഗം വിദേശികളെ മാത്രമാണ് മക്കയിൽ പ്രവേശിക്കുന്നതിന് അനുവദിക്കുന്നത്. ഈ വിഭാഗങ്ങളിൽ പെടാത്ത വിദേശികളെ എല്ലാ വർഷവും ശവ്വാൽ 25 മുതൽ ഹജ് പൂർത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയിൽ പ്രവേശിക്കുന്നതിന് അനുവദിക്കില്ല. പ്രത്യേക പെർമിറ്റില്ലാത്ത വാഹനങ്ങളും മക്കയിലേക്ക് കടത്തിവിടില്ല.
മക്ക ജവാസാത്ത് ഡയറക്ടറേറ്റ് അനുവദിച്ച ഇഖാമ, ഹജ് അനുമതി പത്രം, ഹജ് കാലത്ത് പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള പെർമിറ്റ് ഇതിൽ ഏതെങ്കിലും ഒരു രേഖയുള്ളവരെ മാത്രമേ ഹജ് കാലത്ത് മക്കയിൽ പ്രവേശിക്കുന്നതിന് അനുവദിക്കുകയുള്ളൂവെന്ന് മക്ക ഗവർണറേറ്റ് വ്യക്തമാക്കി. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന വിദേശികൾ ഹജ് അനുമതി പത്രം നേടിയിരിക്കണമെന്നും മക്ക ഗവർണറേറ്റ് ആവശ്യപ്പെട്ടു.