Sorry, you need to enable JavaScript to visit this website.

മിണ്ടിയാലും പ്രശ്‌നം, ഇല്ലെങ്കിലും പ്രശ്‌നം; കുഴൽനാടന്റെ ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

- ആരോപണങ്ങൾക്ക് പിന്നിൽ തുടർ ഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
 
തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംഭവത്തിൽ ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ. വിഷയത്തിൽ പാർട്ടി പല തവണ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
 രാവിലെ എഴുന്നേറ്റ് പലരും പറയുന്നതിന് മറുപടി പറയലല്ല പാർട്ടി നേതൃത്വത്തിന്റെ പണി. തനിക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്നും, മുന്നോട്ട് നീങ്ങിയാൽ മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്‌തെന്ന് വാർത്ത വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ മിണ്ടാതിരുന്നാൽ ഉത്തരം മുട്ടിയെന്ന് വാർത്ത വരും. ചിരിച്ചാൽ പരിഹസിച്ചെന്നും തിരിഞ്ഞുനടന്നാൽ ഒളിച്ചോടിയെന്നും വാർത്തവരാൻ സാധ്യതയുണ്ട്. താനൊരു മനുഷ്യനാണ്. എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ തന്നെ പറയൂവെന്നും മന്ത്രി പറഞ്ഞു.
 വിഷയത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ല. ചോദ്യങ്ങൾക്കുള്ള മറുപടി ഇന്നലെയും അതിന് മുമ്പുള്ള ദിവസങ്ങളിലും തന്നതാണ്. എന്നും രാവിലെ ഇതിന് മറുപടി പറയാനാകുമോ. പാർട്ടി സെക്രട്ടറിയടക്കം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് മാത്രമല്ല, നിരപരാധിയാണെന്ന് അറിയാവുന്നതിനാലാണ് പാർട്ടി ഒപ്പം നിൽക്കുന്നത്. നീതിക്കൊപ്പം എന്നും നിൽക്കുന്ന പാർട്ടിയാണ് സി.പി.എം. പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. 
 മാത്യു കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരം വെച്ച് എന്തും വിളിച്ചുപറയുന്നു. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്തു കിടന്ന് ഉരുളും. നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. സുതാര്യമാണ് ഇവയെല്ലാം. തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് പിന്നിൽ. അതിന് മരുന്നില്ലെന്നും മന്ത്രി പറഞ്ഞു.


 

Latest News