Sorry, you need to enable JavaScript to visit this website.

കോവിഡ് പുതിയ തരംഗം, മാരകമായ പിറോള  വേരിയന്റ് ബാധിച്ച രോഗി ആശുപത്രിയില്‍

ലണ്ടന്‍- യു.കെ മറ്റൊരു കോവിഡ് തരംഗത്തിലേക്ക് പോകുമെന്ന ആശങ്ക ശക്തമാക്കി പുതിയ വേരിയന്റ് 'പിറോള' ബാധിച്ച രോഗി ലണ്ടനിലെ ആശുപത്രിയില്‍. വന്‍തോതില്‍ രൂപമാറ്റം നേരിട്ട ഈ വേരിയന്റ് യുകെയില്‍ എത്തിയതായി സ്ഥിരീകരിച്ചതോടെ രാജ്യത്ത് പുതിയ തരംഗം സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്നാണ് ഹെല്‍ത്ത് അധികൃതര്‍ ആശങ്കപ്പെടുന്നത്. 
ഒമിക്രോണില്‍ നിന്നും രൂപമാറ്റം വന്ന സ്ട്രെയിന് 'പിറോള' എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ബിഎ.എക്സ്/ബിഎ.2.86 എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന വേരിയന്റ് പിടിപെട്ട ഒരു രോഗിയെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ രോഗിക്ക് വൈറസ് പിടിപ്പെട്ടത് യുകെയില്‍ നിന്ന് തന്നെയാണെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇതുവരെ എത്ര കേസുകള്‍ സ്ഥിരീകരിച്ചെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മേധാവികള്‍ വെളിപ്പെടുത്തിയിട്ടില്ല.
വൈറസ് ലണ്ടനിലെ രോഗിയില്‍ സ്ഥിരീകരിച്ചതോടെ ഇത് കൂടുതല്‍ വിപുലമായി പടര്‍ന്ന് തുടങ്ങിയെന്ന് ഉറപ്പിക്കാമെന്ന് മുന്‍നിര ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് പിറോള എത്തിച്ചേരുന്നത്. 
 ലോകത്താകമാനം ആറ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഡെന്‍മാര്‍ക്കും, ഇസ്രയേലും മാത്രമാണ് ഈ വേരിയന്റ് കണ്ടെത്തിയതായി നേരത്തെ സ്ഥിരീകരിച്ചത്. ഭയപ്പെട്ടത് പോലെ ഈ സ്ട്രെയിന്‍ മാരകമാണെങ്കില്‍ ഇത് വളരെ വേഗത്തില്‍ തന്നെ വ്യാപിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ സ്ട്രെയിന്‍ ഭീതി ഉയര്‍ത്താന്‍ തുടങ്ങിയതോടെ മാസ്‌ക് തിരിച്ചെത്തിച്ച് വൈറസ് വ്യാപനം ചെറുക്കാന്‍ നടപടി വേണമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു.  എന്നാല്‍ ലോക്ക്ഡൗണ്‍ ഘട്ടത്തിലെ നടപടികളിലേക്ക് നീങ്ങാന്‍ സമയമായിട്ടില്ലെന്നാണ് മറ്റുള്ളവരുടെ വാദം. ശൈത്യത്തിലേക്ക് അധിക കാലമില്ലെന്നതും രോഗവ്യാപനത്തെ കുറിച്ച് ആശങ്ക പരക്കാന്‍ കാരണമായി. 

Latest News