- ഇന്ത്യയിൽനിന്ന് എത്തിയ 12 വനിതാ ഉദ്യോഗസ്ഥർ
- മക്കയിൽ വനിതാ തീർഥാടകർക്ക് പ്രത്യേക ഹജ് മിഷൻ ശാഖ
മക്ക- ഇന്ത്യയിൽനിന്നുള്ള വനിതാ തീർഥാടകരുടെ സഹായത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ സംഘത്തിൽ സേവന സജ്ജരായി അഞ്ച് മലയാളി വനിതാ പോലീസ് ഓഫീസർമാരും. ഇതാദ്യമായാണ് മക്കയിൽ ഇന്ത്യൻ ഹജ് മിഷനു കീഴിൽ വനിതാ തീർഥാടകർക്ക് സേവനം ചെയ്യുന്നതിനായി വനിതാ ഉദ്യോഗസ്ഥരെ ഇന്ത്യയിൽനിന്ന് ഡെപ്യൂട്ടേഷനിൽ അയിച്ചിരിക്കുന്നത്. മൊത്തം 12 വനിതാ ഉദ്യോഗസ്ഥർ. ഇവരിൽ അഞ്ച് പേരും കേരളത്തിൽനിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരാണെന്നത് ശ്രദ്ധേയമായി.
വയനാട് പോലീസ് വനിതാ ഹെൽപ് ലൈനിലെ സിവിൽ പോലീസ് ഓഫീസർമാരായ ജസീല, സാഹിറ ബാനു, തലശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ റൈഹാനത്ത്, പാലാരിവട്ടം സ്റ്റേഷനിലെ സി.പി.ഒ ഫാത്തിമത് റസിയ, തിരുവനന്തപുരം ജില്ലാ പോലീസ് ആസ്ഥാനത്തെ സി.പി.ഒ സുൽഫത്ത് ബീവി എന്നിവരാണ് കേരളത്തിൽനിന്ന് ഹജ് സേവനത്തിനെത്തിയ വനിതാ ഹജ് അസിസ്റ്റന്റുമാർ. ഇവർക്കു പുറമെ മഹാരാഷ്ട്ര, ദൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്ന് ഓരോ പോലീസ് ഉദ്യോഗസ്ഥരും ദൽഹിയിൽനിന്ന് രണ്ട് മിനിസ്റ്റീരിയൽ ജീവനക്കാരും വനിതകളുടെ സേവന സംഘത്തിലുണ്ട്. ദൽഹിയിൽ ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്‌സ് സർവീസ് ഉദ്യോഗസ്ഥയായ മുഈന ബേനസീർ ആണ് ഇവരുടെ കോഓർഡിനേറ്റർ.
അസീസിയയിൽ വനിതാ തീർഥാടകർക്കുള്ള പ്രത്യേക ബ്രാഞ്ച്.
മഹ്‌റം കൂടെയില്ലാതെ ഇന്ത്യയിൽനിന്നെത്തുന്ന 45 വയസ്സിന് മുകളിലുള്ള വനിതാ തീർഥാടകരുടെ മേൽനോട്ടമാണ് പ്രധാനമായും ഇവരുടെ ചുമതല. വനിതാ തീർഥാടകർക്കായി പ്രത്യേക ബ്രാഞ്ച് ഓഫീസും ഡിസ്‌പെൻസറിയും ഇത്തവണ അസീസിയയിൽ തുറന്നിട്ടുണ്ട്. നാലാം ബ്രാഞ്ചാണ് വനിതാ തീർഥാടകർക്കായി ഒരുക്കിയിട്ടുള്ളത്. ഇവിടുത്തെ ഉദ്യോഗസ്ഥരും വനിതകളാണ്. വനിതകൾക്കു മാത്രമായി പ്രത്യേക ബസ് സ്റ്റാൻഡും ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽനിന്നും മഹ്‌റം ഇല്ലാതെ എത്തുന്ന വനിതാ തീർഥാടകരോടൊപ്പം വനിതാ ഖാദിമുൽ ഹുജ്ജാജ് ആയി പൊന്നാനി തെയ്യങ്ങോട് ജി.എൽ.പി.എസ് അധ്യാപിക പി. സുഹ്‌റാബിയും കേരള ഹജ് മിഷനു കീഴിൽ ഡ്യൂട്ടിക്ക് വരുന്നുണ്ട്. ഹജ് കമ്മിറ്റിക്കു കീഴിലെ ആദ്യ വനിതാ ഖാദിമുൽ ഹുജ്ജാജ് ആണ് സുഹ്‌റാബി. വനിതാ തീർഥാടകർ ഇത്തവണ കൂടുതലായതിനാൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള വനിതാ ഖാദിമുൽ ഹുജ്ജാജുകൾക്കും അവസരം ലഭിക്കാൻ ഇടയുണ്ട്.