കൊച്ചി-പഞ്ഞ കര്‍ക്കിടകം കഴിഞ്ഞ് അത്തം പിറന്നു. ഇനി പൂവിളിയുടെ പത്ത് നാള്‍. മലയാളി ഓണാവേശത്തിലേക്ക് കടന്നു. കുട്ടികള്‍ അവസാന പരീക്ഷകള്‍ കൂടി തീര്‍ത്ത് ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇനി തൊടികളില്‍ പൂ പറിച്ചും പൂക്കളം തീര്‍ത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞും മറ്റൊരു ഓണക്കാലം.
സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയില്‍ പങ്കെടുക്കാനായി തൃപ്പൂണിത്തുറയില്‍ എത്തിയിരിക്കുന്നത്. അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നതോടെ മലയാളിയുടെ ഓണക്കാലം തുടങ്ങുകയായി.