തിരുവനന്തപുരം- സംസ്ഥാനത്ത് പൊതു വിപണിയിൽ അവശ്യ സാധനങ്ങൾക്കുൾപ്പെടെ എല്ലാ ഇനങ്ങൾക്കും വൻ വിലക്കയറ്റമാണെന്നും, ക്രമാതീത വിലക്കയറ്റത്തിലൂടെ ജനജീവിതം ദുഃസഹമായിട്ടും പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനപ്പുറം സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. അരി, പച്ചക്കറി, വെളിച്ചെണ്ണ, മത്സ്യം, മാംസം, ധാന്യങ്ങൾ, പയറുവർഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ഓണം പടിവാതിൽക്കൽ എത്തിയിട്ടും നിഷ്‌ക്രിയ നിലപാട് സ്വീകരിക്കുന്ന സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കേരളത്തിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി ഇനങ്ങൾക്കടക്കം ക്ഷാമം രൂക്ഷമാണ്. ആവശ്യമായ സാധനങ്ങൾ വാങ്ങാൻ സാധിക്കാതെ ഒഴിഞ്ഞ സഞ്ചിയുമായി ജനങ്ങൾ വീടുകളിലേക്ക് മടങ്ങുകയാണ്. ഓഗസ്റ്റ് 12 നകം സ്‌റ്റോക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നായിരുന്നു ഭക്ഷ്യ മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ്. ഇപ്പോഴും ആവശ്യത്തിന് സാധനങ്ങൾ സ്‌റ്റോക്കില്ലെന്ന യാഥാർഥ്യത്തെ കണ്ടില്ലെന്ന് നടിച്ച് വിഷയത്തെ നിസാരവത്കരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
സാധനങ്ങൾ കിട്ടാനില്ലെന്ന സത്യം വിളിച്ചു പറയുന്നത് സപ്ലൈകോയുടെ പ്രവർത്തനത്തെ കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള ആസൂത്രിത നീക്കമായി ദുർവ്യാഖാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഔട്ട്‌ലെറ്റുകളിൽ ജനങ്ങളോടൊപ്പം സാധനങ്ങൾ വാങ്ങാൻ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്ന് പുറത്തിറങ്ങി വരണം. സ്‌റ്റോക്കില്ലെന്ന് എഴുതി വെച്ച മാനേജർക്കെതിരെ നടപടി എടുത്തും സ്‌റ്റോക്കില്ലെന്ന് ജനങ്ങൾ പരാതി പറയുമ്പോൾ അത് അവമതിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന് കുറ്റപ്പെടുത്തുന്നതും കണ്ണടച്ച് ഇരുട്ടാക്കുന്ന ഏർപ്പാടാണ്.
കേരളത്തിലെ വിലക്കയറ്റത്തെ കുറിച്ചു സൂചിപ്പിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വിരൽ ചൂണ്ടി ന്യായീകരണം കണ്ടെത്തുന്ന സമീപനം ജനങ്ങളോടുള്ള കൊഞ്ഞനം കുത്തലാണ്. രൂക്ഷമായ വിലവർധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വിപണിയിൽ അടിയന്തര ഇടപെടൽ നടത്തണം. നികുതി വർദ്ധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യം എന്നാണ് ഇടതു സർക്കാർ കരുതുന്നത്.
റേഷൻ വിഹിതം വെട്ടിക്കുറച്ചും സബ്‌സിഡി ഇല്ലാതാക്കിയും കേന്ദ്ര സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്. വിപണിയിൽ ഇടപെടുവാനുള്ള യാതൊരു നീക്കവും കേന്ദ്ര സർക്കാർ നടത്തുന്നില്ല. കോർപറേറ്റുകളുടെ പ്രശ്‌നങ്ങൾക്ക് മാത്രം ചെവി കൊടുക്കുന്ന ഏജൻസിയുടെ റോൾ മാത്രമാണ് കേന്ദ്ര സർക്കാർ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ നിലപാടിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായ യോജിച്ച പ്രതിഷേധങ്ങൾ ഉയർന്നു വരണം.
ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ തയാറാകണം. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ കൂടുതൽ സാധനങ്ങൾ കൂടുതൽ അളവിൽ സബ്‌സിഡി നിരക്കിൽ നൽകുന്നതിന് സർക്കാർ നയപരമായ തീരുമാനം എടുക്കണം. തടസ്സം കൂടാതെ സ്‌റ്റോക്കുകൾ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. സർക്കാർ തുടരുന്ന നിരുത്തരവാദ നിലപാടിനെതിരെ വെൽഫെയർ പാർട്ടി ജനകീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുമെന്ന് റസാഖ് പാലേരി പറഞ്ഞു.