മലപ്പുറം- ജില്ലയിലെ ബാങ്കുകളിൽ ജൂൺ പാദത്തിൽ 51,391.43 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ്് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തിനേക്കാൾ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തിൽ (മാർച്ച്) ഇത് 52,351.66 കോടിയായിരുന്നു. പ്രവാസി നിക്ഷേപത്തിലും കുറവു വന്നിട്ടുണ്ട്. 13,208.89 കോടി രൂപയാണ് ഈ പാദത്തിലെ പ്രവാസി നിക്ഷേപം. കഴിഞ്ഞ പാദത്തിൽ 15,503.93 കോടി രൂപയായിരുന്നു.
ജില്ലയിലെ മൊത്തം വായ്പകൾ 33,319.61 കോടി രൂപയാണ്. കഴിഞ്ഞ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ 463.73 കോടി രൂപയുടെ വർധനവുണ്ടായി. കഴിഞ്ഞ പാദത്തിൽ 32,855.88 കോടിയായിരുന്നു വായ്പ. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 64.83 ശതമാനമാണ്. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തിൽ കുറവുള്ള ബാങ്കുകൾ റേഷ്യേ 60 ശതമാനത്തിൽ മുകളിൽ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികൾ, കർഷകർ, സംരംഭകർ എന്നിവരെ സഹായിക്കുന്ന നിലപാട് ബാങ്കുകൾ സ്വീകരിക്കണമെന്നു യോഗം അഭിപ്രായപ്പെട്ടു.
മലപ്പുറം റൂബി ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന യോഗം എം.പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മനുഷ്യത്വത്തിന്റെ മുഖമായിരിക്കണം ബാങ്കുകൾ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിൽ ബാങ്കുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. പുതിയ ആശയങ്ങളെ ഉൾക്കൊള്ളാനും സ്വീകരിക്കാനും ബാങ്കിംഗ്് മേഖലയ്ക്ക് കഴിയണം. കർഷകരെ കൂടുതലായി സഹായിക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കലക്ടർ എസ്.എസ്. സരിൻ, നബാർഡ് ഡി.ഡി.എം എ. മുഹമ്മദ് റിയാസ്, ലീഡ് ഡിസ്ട്രിക്ട് ഓഫീസർ ഇ.കെ. രഞ്ജിത്ത്, വി. സാവിയോ ജോസ് എന്നിവർ പ്രസംഗിച്ചു.