Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാലവർഷം: നിർമാണ മേഖലയിൽ സ്തംഭനം

മലപ്പുറം- ദിവസങ്ങളായി തുടരുന്ന കനത്തമഴയെ തുടർന്ന് നിർമാണ മേഖല സ്തംഭനത്തിലായി. വേനൽക്കാലത്ത് തുടങ്ങി വച്ച നിർമാണ പ്രവർത്തനങ്ങളാണ് മഴ നേരത്തെ എത്തിയതു കൊണ്ടും ശക്തമായി തുടരുന്നതു കൊണ്ടും സ്തംഭനത്തിലായത്. വീടുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയുടെയും സർക്കാർ കെട്ടിടങ്ങളുടെയും നിർമാണം നിർത്തിവച്ചിരിക്കുകയാണ്. ഉരുൾപൊട്ടൽ ഭീഷണി മൂലം ക്വാറികളുടെ പ്രവർത്തനം നിർത്തിവച്ചതും നിർമാണ മേഖലക്ക് തിരിച്ചടിയായി. സാമ്പത്തിക മാന്ദ്യം മൂലം തളർന്നു കിടക്കുന്ന നിർമാണ മേഖലക്ക് കനത്ത മഴ കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്. മലപ്പുറം ജില്ലയുടെ താഴ്ന്നു കിടക്കുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നിർമാണം നിർത്തി വച്ചിരിക്കുകയാണ്. ഉയരം കൂടിയ സ്ഥലങ്ങളിലാകട്ടെ മണ്ണിടിച്ചിൽ ഭീഷണി മൂലം വാഹനഗതാഗതം തടസ്സപ്പെട്ടതും നിർമാണം നിലക്കാൻ കാരണമായി. നിർമാണ സാമഗ്രികൾ ലഭ്യമായ സ്ഥലങ്ങളിൽ മഴ മൂലം ജോലിയെടുക്കാൻ തൊഴിലാളികൾക്ക് കഴിയുന്നുമില്ല. ഒരു മാസത്തോളമായി ഈ മേഖലയിലെ തൊഴിലാളികൾ ജോലിയില്ലാത്ത അവസ്ഥയിലുമാണ്.
കോഴിക്കോട് ജില്ലയിലുണ്ടായ ഉരുൾപൊട്ടൽ മൂലം ആഴ്ചകൾക്ക് മുമ്പു തന്നെ മലബാറിലെ വിവിധ ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനം ജില്ലാ കലക്ടർമാർ നിർത്തി വച്ചിരുന്നു. ഇതോടെ കരിങ്കല്ല്, മെറ്റൽ എന്നിവക്ക് കടുത്ത ക്ഷാമമാണ്. പാലക്കാട് ജില്ലയിലെ ചിലയിടങ്ങളിലും ക്വാറികൾക്ക് നിരോധനമുണ്ട്. ചെങ്കൽ ക്വാറികളിൽ വെള്ളം നിറഞ്ഞതിനാൽ കല്ല് ലഭിക്കാത്ത അവസ്ഥയുമുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ നിലച്ചത് പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന് കരാറുകാർ ആശങ്കപ്പെടുന്നു. കാലാവധി നീണ്ടു പോകുന്നത് വസ്തുക്കളുടെ വിലവർധനവിനും ചെലവു വർധിക്കുന്നതിനും ഇടയാക്കും. ഇത് നഷ്ടസാധ്യത വർധിപ്പിക്കും.
ഇത്തവണ മൺസൂൺ നേരത്തെ എത്തിയത് നിർമാണ മേഖലയിലെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരുന്നു. സാധാരണ ജൂണിൽ ആരംഭിക്കുന്ന മഴ ഇത്തവണ മെയ് തുടക്കത്തിൽ തന്നെയെത്തി. ഇതോടെ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കാനുള്ള ജോലികൾക്ക് തടസ്സം നേരിട്ടു. ഇനി ഓഗസ്റ്റ് അവസാനത്തോടെ മാത്രമേ നിർമാണ മേഖല സാധാരണ നിലയിലേക്ക് എത്തുകയുള്ളൂ എന്നാണ് കണക്കു കൂട്ടൽ.
 

Latest News