കോഴിക്കോട് - ഇന്ത്യയിൽ വർധിച്ചു വരുന്ന ആൾക്കൂട്ട അക്രമങ്ങൾ ആശങ്കാജനകമാണെന്നും ഇതിനെതിരേ നിയമ നിർമാണം അനിവാര്യമാണെന്നും കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന വിസ്ഡം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ നിയമം നിർമിക്കേണ്ടതുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഭരണകർത്താക്കളുടെ കണ്ണുതുറപ്പിക്കുന്നതാണ്. കൂട്ടം ചേർന്ന് ആക്രമിച്ച് കൊല്ലുന്ന കുറ്റവാളികൾക്ക് ജനമധ്യത്തിൽ തന്നെ ശിക്ഷ നൽകാനുള്ള വ്യവസ്ഥ കൂടി നിയമത്തിൽ ഉൾപെടുത്തണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
പശു, ജാതി, മോഷണം ഇങ്ങനെ പലതിന്റെയും പേരിലാണ് അക്രമാസക്തരായ ജനക്കൂട്ടം പട്ടാപ്പകൽ ന്യൂനപക്ഷ, ദളിത് വിഭാഗത്തിൽ പെട്ടവരെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുന്നത്. ഹൈന്ദവ സമൂഹത്തിലെ സംഘ് പരിവാർ വിരുദ്ധരായ സ്വാമിമാർക്കു പോലും രാജ്യത്ത് സുരക്ഷിതത്വമില്ല എന്നു വരുമ്പോൾ ഫാഷിസത്തിന്റെ ഉന്നം അവരല്ലാത്ത എല്ലാവരുമാണെന്ന് വ്യക്തമാണ്.
ഇസ്‌ലാം തീവ്രവാദമാണെന്ന സാമ്രാജ്യത്വ ശക്തികളുടേയും ഇന്ത്യൻ ഫാഷിസ്റ്റുകളുടേയും വാദം കാന്തപുരം വിഭാഗം ഏറ്റെടുക്കുന്ന കാഴ്ച പ്രതീക്ഷിച്ചതാണെന്ന് സമ്മേളനം വിലയിരുത്തി. മദീനയിൽ ചാവേർ ആക്രമണം നടത്തിയ ഐഎസിനെതിരേ യുദ്ധം പ്രഖ്യാപിച്ച സലഫികളെ ഐ.എസുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്ന അമേരിക്കൻ കുതന്ത്രമാണ് ഇന്ത്യയിലും ചിലർ കയ്യിലെടുത്തത്. രാജ്യത്ത് ഭീകരത വിതക്കുന്ന സംഘ്പരിവാറുമായി അവിശുദ്ധ ബന്ധത്തിന് കാന്തപുരം വിഭാഗം നടത്തുന്ന ലജ്ജാകരമായ നീക്കങ്ങൾ മതേതര കക്ഷികൾ ഗൗരവത്തോടെ കാണണം - മറ്റൊരു പ്രമേയത്തിൽ സമ്മേളനം ആവശ്യപ്പെട്ടു.
പോപ്പുലർ ഫ്രണ്ട് ഉയർത്തുന്ന ആശയങ്ങൾക്ക് ഇസ്‌ലാമുമായി ബന്ധമില്ലെന്ന് തുറന്ന് പ്രഖ്യാപിക്കാൻ അവർ തയ്യാറാകണം. അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ഖുർആനും പ്രവാചകചര്യയും ദുർവ്യാഖ്യാനം ചെയ്യുന്ന പ്രവണതക്കെതിരെ ആശയ സമരം ശക്തമാക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.
വിസ്ഡം സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ടി.കെ അശ്‌റഫ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. വിസ്ഡം യൂത്ത് പ്രസിഡണ്ട് ഡോ. സി.എം സാബിർ നവാസ്, ജന: സെക്രട്ടറി കെ.സജ്ജാദ്, വിസ്ഡം സ്റ്റുഡന്റ്‌സ് പ്രസിഡണ്ട് മുനവ്വിർ സ്വലാഹി, ഡോ.എം.അബ്ദുൽ അസീസ്, ഐ.എം.ബി കൺവീനർ പി.എം.ഷാഹുൽ ഹമീദ്, അബ്ദുൽ ലത്വീഫ് സുല്ലമി മാറഞ്ചേരി, ഷമീർ മദീനി, ഫദ്‌ലുൽ ഹഖ് ഉമരി, ടി.പി.അബ്ദുൽ അസീസ് പയ്യോളി, ശംസുദ്ദീൻ തൊടുപുഴ, അബൂബക്കർ പുത്തൂർ, ബഷീർ ആലപ്പുഴ, സലീം വടകര, ഹസ്സൈനാർ മൂത്തേടം, മൻസൂർ അരീക്കോട്, പ്രഫ. ഇസ്ഹാഖ് പാലക്കാട്, മൊയ്തീൻ മണ്ണാർക്കാട് സംസാരിച്ചു.