Sorry, you need to enable JavaScript to visit this website.

താനൂർ കസ്റ്റഡി കൊല, ഫോറൻസിക് സർജനെതിരെ പോലീസ് രംഗത്ത്; വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ സാധ്യത

തിരൂർ-പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതശരീരം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ സാധ്യത. താനൂർ പോലീസിന്റെ കസ്റ്റഡിയിൽ ഓഗസ്റ്റ് ഒന്നിന് പുലർച്ചെ മരണമടഞ്ഞ താമിർ ജിഫ്രിയുടെ (30) മൃതദേഹമാണ് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ സാധ്യത തെളിഞ്ഞിരിക്കുന്നത്. പോലീസും, ഫോറൻസിക് സർജനും തമ്മിൽ ഉടലെടുത്ത തർക്കമാണ് വീണ്ടും പോസ്റ്റ്‌മോർട്ടത്തിലേക്ക് വഴിതെളിച്ചിരിക്കുന്നത്. ഫോറൻസിക് സർജന് എതിരായി പോലീസ് രംഗത്ത് വന്നതാണ് കസ്റ്റഡി മരണത്തിൽ പുതിയ തർക്കത്തിന് വഴി തെളിയിച്ചിരിക്കുന്നത്. മരണകാരണം ശരീരത്തിൽ ഏറ്റ പരിക്കുകൾ ആണെന്ന് ഫോറൻസിക് സർജൻ എഴുതിയത് തെറ്റായ നടപടി ആണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് വരുന്നതിനു മുമ്പ് മർദ്ദനമേറ്റാണ് മരണമെന്ന് എഴുതിയത് തെറ്റായ കീഴ്‌വഴക്കം ആണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ച കേസിൽ അഞ്ചംഗ സംഘത്തെയാണ് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ ഉൾപ്പെട്ട ആളാണ് ജിഫ്രി എന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിനിടെ ഇയാളുടെ ആമാശയത്തിൽ നിന്ന് രണ്ട് പ്ലാസ്റ്റിക് കവറുകൾ ലഭിച്ചിരുന്നു. ഇതിൽ എം.ഡി.എം.എ ആണെന്നാണ് പറഞ്ഞിരുന്നത്. ഇത് വിശദപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് സി.ഐ അടക്കം അഞ്ചു പേരെ മൂന്നാം തീയതി സസ്‌പെൻഡ് ചെയ്തിരുന്നു.
 

Latest News