Sorry, you need to enable JavaScript to visit this website.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുമെന്ന് ഇറാൻ ഭീഷണി

റിയാദ് - ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിക്ക് വിഘ്‌നം സൃഷ്ടിക്കുന്ന പക്ഷം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി  തടയുമെന്ന് ഇറാൻ നേതാക്കളുടെ ഭീഷണി. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുന്ന പക്ഷം ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയണമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഈമാസാദ്യം നിർദേശിച്ചിരുന്നു. ഇതിനെ താൻ പിന്തുണക്കുന്നതായി ഇറാൻ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇ പറഞ്ഞു. അമേരിക്കയുമായുള്ള ചർച്ച ഗുണം ചെയ്യില്ലെന്നും അലി ഖാംനഇ പറഞ്ഞു.
ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിന് അമേരിക്ക നീക്കങ്ങൾ നടത്തിവരികയാണ്. വൈകാതെ ഉപരോധം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെക്കുന്നതിന് മുഴുവൻ രാജ്യങ്ങളുടെ മേലും അമേരിക്ക സമ്മർദം ചെലുത്തിവരികയാണ്. ഇതിനു മറുപടിയെന്നോണമാണ് അയൽ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി ഇറാൻ തടസ്സപ്പെടുത്തിയേക്കുമെന്ന് പ്രസിഡന്റ് ഈ മാസാദ്യം ഭീഷണി മുഴക്കിയത്. 
ഇറാൻ എണ്ണ കയറ്റി അയക്കുന്നതിന് സാധിക്കുന്നില്ലെങ്കിൽ മേഖലയിലെ ഒരു രാജ്യത്തു നിന്നുള്ള എണ്ണയും കയറ്റി അയക്കില്ല എന്ന പ്രസിഡന്റിന്റെ പ്രസ്താവന പ്രധാനമാണ്. ഇത് ഇറാന്റെ നയമാണ് വ്യക്തമാക്കുന്നതെന്ന് അലി ഖാംനഇ പറഞ്ഞു. അമേരിക്കയുടെ ഭാഗത്തു നിന്നുള്ള ശത്രുതാപരമായ നീക്കങ്ങൾക്ക് തിരിച്ചടിയെന്നോണം ഗൾഫ് രാജ്യങ്ങളിൽ നിന്ന് എണ്ണ കയറ്റി അയക്കുന്ന ഹുർമുസ് കടലിടുക്ക് അടക്കുമെന്ന് ഇറാൻ നേതാക്കൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. 2015 ൽ ഒപ്പുവെച്ച ആണവ കരാറിൽ നിന്ന് പിൻവാങ്ങുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ച ശേഷം അമേരിക്കയുമായി പുതിയ ചർച്ചകൾ നടത്തുന്നതിനെ നിരാകരിക്കുന്നതായി കഴിഞ്ഞ ശനിയാഴ്ച വിദേശ മന്ത്രാലയ ഉദ്യോഗസ്ഥർക്കു മുന്നിൽ നടത്തിയ പ്രസംഗത്തിൽ അലി ഖാംനഇ പറഞ്ഞു. അമേരിക്കയെ അവലംബിക്കുന്നതിന് കഴിയില്ല. അവരുടെ വാക്കുകളും ഒപ്പുവെക്കലുകളും ആശ്രയിക്കുന്നതിന് സാധിക്കില്ല. അതുകൊണ്ടു തന്നെ അമേരിക്കയുമായുള്ള ചർച്ച ഫലം ചെയ്യില്ലെന്നും അലി ഖാംനഇ പറഞ്ഞു. 
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുമെന്ന ഹസൻ റൂഹാനിയുടെ ഭീഷണിക്കെതിരായ എതിർ ശബ്ദങ്ങളെ, ഇറാനുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നങ്ങളിലെല്ലാം അന്തിമവാക്കായ അലി ഖാംനഇയുടെ പിന്തുണ നിശ്ശബ്ദമാക്കുമെന്നാണ് കരുതുന്നത്.
 

Latest News