ജിദ്ദ - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാനും ചര്‍ച്ച നടത്തി. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, ഇറാന്‍ വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അലി രിദ ഇനായത്തി, ഇറാന്‍ വിദേശ മന്ത്രാലയത്തില്‍ പ്രോട്ടോകോള്‍ വിഭാഗം മേധാവി മുഹ്‌സിന്‍ മുര്‍തസാഇ, റിയാദിലെ ഇറാന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ഹസന്‍ ബര്‍ഖൂനി എന്നിവര്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും സംബന്ധിച്ചു.
അതിനിടെ, ഇറാന്‍ വിദേശ മന്ത്രി നടത്തിയ സൗദി സന്ദര്‍ശനം നല്‍കിയ ഫലങ്ങളെ സ്വാഗതം ചെയ്യുന്നതായി കുവൈത്ത് വിദേശ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അല്‍ജാബിര്‍ അല്‍സ്വബാഹ് പറഞ്ഞു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാനുള്ള താല്‍പര്യവും, മേഖലക്കും ലോകത്തിനും ഗുണകരമാകുന്ന നിലക്ക് മേഖലയുടെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയും ഇറാന്‍ വിദേശ മന്ത്രിയുടെ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നു. സൗദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുന്ന കരാര്‍ ഒപ്പുവെക്കുന്നതിലേക്ക് നയിച്ച ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ച് ചൈന നടത്തിയ ശ്രമങ്ങളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കാന്‍ ഇറാഖും ഒമാനും നടത്തിയ ശ്രമങ്ങളും പ്രശംസനീയമാണ്.
പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ഇറാന്‍ വിദേശ മന്ത്രിയുടെ സന്ദര്‍ശനം വഴിവെക്കുമെന്നാണ് പ്രത്യാശിക്കുന്നത്. നല്ല അയല്‍പക്കബന്ധ തത്വങ്ങളുടെ അടിസ്ഥാനത്തിലും, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതെയും, സഹകരണത്തിന്റെയും സംവാദത്തിന്റെയും പരസ്പര ധാരണയുടെയും പാലംപണിഞ്ഞും ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ ഉജ്വലമായ ഒരു അധ്യായത്തിന്റെ തുടക്കമായി വിദേശ മന്ത്രിയുടെ സന്ദര്‍ശനം മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള മികച്ച ബന്ധം മേഖലാ രാജ്യങ്ങളുടെയും ജനവിഭാഗങ്ങളുടെയും സ്ഥിരതക്കും സമാധാനത്തിനും അഭിവൃദ്ധിക്കും സഹായിക്കുമെന്നും ഇതിലൂടെ ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കുമെന്നും കുവൈത്ത് വിദേശ മന്ത്രി പറഞ്ഞു.