Sorry, you need to enable JavaScript to visit this website.

'പണം പിരിവിലും ബലാൽസംഗ കഥ പൊട്ടിക്കുന്നതിലും പി രാജീവിന്റെ വൈഭവം സമാനതകൾ ഇല്ലാത്തത്'- ജി ശക്തിധരൻ

 - തിമിംഗലം കൊണ്ടുവരാമെന്ന് പറഞ്ഞ് പരൽ മീൻ കൊണ്ടുവന്നവനാണ് പി രാജീവെന്നും വിമർശം
 തിരുവനന്തപുരം -
കൈതോലപ്പായ പണമിടപാട് വിവാദത്തിൽ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ രംഗത്ത്. എഫ്.ബി പോസ്റ്റിന്റെ പൂർണരൂപം താഴെ:

'നമുക്ക് ഒരു പാ മതി വക്കീലേ'!
യൂണിവേഴ്സ്റ്റി കോളജിലെ പ്രഗത്ഭ മലയാളം പ്രൊഫസർ ബിരുദാനന്തര മലയാളം ക്ലാസിൽ നർമ്മം ചാലിച്ചു പറഞ്ഞതായി ഞാൻ കേട്ടിട്ടുള്ള പ്രയോഗമാണിത്. പെൺകുട്ടികൾ അടക്കമുള്ള ക്ലാസ്സിൽ സാർ ഇങ്ങിനെ പറയുമ്പോൾ അതിലെ നർമ്മം ഊഹിക്കാമല്ലോ! ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവർക്കു നേരെ സിപിഎമ്മിലെ ഒരു പറ്റം പുത്തൻകൂറ്റു നേതാക്കൾ ഒരുകാലത്തും കണ്ടിട്ടില്ലാത്ത വിധം ചാനൽ ചർച്ചകളിൽ വ്യക്തിഹത്യ നത്തുകയാണല്ലോ. അതിനുള്ള മറുപടിയായിരുന്നു ഇന്നലത്തെ എന്റെ പോസ്റ്റ്..
'കൈതോലപ്പായയുടെ ദുർഗന്ധം കാരണം ജീവിക്കാൻ വയ്യാത്ത അവസ്ഥ യിൽ എത്തിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാനക്കമ്മിറ്റി അംഗം അഡ്വ. അനിൽകുമാർ വിലപിച്ചതും ഞാൻ കേട്ടു. അതേക്കുറിച്ചു ഒരക്ഷരം ഇപ്പോൾ പറയാൻ ഞാൻ തയ്യാറാകുന്നില്ലെന്നും ഞാൻ പൊളിഞ്ഞു നിൽക്കുകയാണെന്നും ആക്ഷേപിച്ചു. ചാനൽ ചർച്ചയിൽ എന്നെക്കുറിച്ചു വ്യക്തമായി ലക്ഷ്യം വെച്ചു മിനിയാന്ന് രാത്രി ഏഷ്യാനെറ്റിലും അതിനു മുമ്പ് മറ്റുചില ചാനലുകളിലും അഡ്വ അനിൽകുമാർ നിന്ദ്യമായ ഭാഷയിൽ സംസാരിക്കുന്നതു കണ്ടു.
അതിൽ അർധ സത്യങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്നു. ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലും നിയമസഭാ സമ്മേളനം ആസന്നമായ സാഹചര്യത്തിലും ഒറ്റവെടിക്കപ്പുറം പോകേണ്ടതില്ലെന്ന എന്റെ വ്യക്തിനിഷ്ഠ തീരുമാനവും അതിൽ ഉൾച്ചേർന്നിരുന്നു. ഞാനിക്കാര്യം കന്റോൺമെന്റ് എ.സി യോട് നേരിൽ തന്നെ പറഞ്ഞിരുന്നു. പുതുപ്പള്ളി തെരെഞ്ഞെടുപ്പ് സംബന്ധിച്ച് ഞാനിട്ട പോസ്റ്റിലും ഈ വികാരം അടങ്ങിയിരുന്നു, ഉമ്മൻചാണ്ടിയുടെ തഴമ്പ് മകനുണ്ടോ എന്നായിരുന്നു അതിലെ എന്റെ ചോദ്യം? പക്ഷെ ആരെക്കുറിച്ചും ചാനലിൽ വന്നിരുന്നു എന്തും പറയാമെന്ന അഹന്ത തലയ്ക്കു പിടിച്ച ഇതുപോലുള്ള അവതാരങ്ങൾ പാർട്ടിയെ കുളത്തിലിറക്കിയേ അടങ്ങൂ എന്ന വാശിയിലാണ്. 
 ഇതൊക്കെ മുഖ്യമന്ത്രിക്കും മരുമകനും സേവകർക്കും സന്തോഷമാകട്ടെ എന്ന വിശ്വാസത്തിലാണ് ഈ കാളികൂളി സംഘം ഇങ്ങിനെ അഴിഞ്ഞാടുന്നത്. എം.വി ഗോവിന്ദൻ സഖാവ് ഇദ്ദേഹത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും പാഠം പഠിക്കുന്നില്ല. പാർട്ടിക്ക് ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ഞാൻ ഇന്നലെ എഴുതിയതിന്റെ പകർപ്പവകാശം അഡ്വ. അനിൽകുമാറിന് തന്നെ നൽകുകയാണ്. അതുകൊണ്ടുമാത്രമാണ് ഞാൻ ആ അദ്ധ്യായം വീണ്ടും തുറക്കുന്നത്. അവതാരകനോ സഹപാനലിസ്റ്റോ ആരും പരാമർശിക്കുകപോലും ചെയ്യാതെയാണ് ഇദ്ദേഹം പാർട്ടിയെ ഇവിടെ വെട്ടിൽ വീഴ്ത്തിയത്.
എനിക്ക് അദ്ദേഹം കൗമാരം വിട്ട് യൗവനത്തിലേക്ക് കടന്ന ഘട്ടം മുതൽ അറിയാം. അദ്ദേഹത്തിന്റെ പിതാവ് മേനോൻ സാറിനെയും അറിയാം.
  കോട്ടയം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഞങ്ങൾ കൂട്ടായി അന്നത്തെ മന്ത്രി ടി.കെക്കു വേണ്ടി പ്രവർത്തിച്ചിരുന്നു. അന്നും ടികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അഭ്യുദയകാംക്ഷികൾ കൊണ്ടുവരുന്ന പണം ഏറ്റുവാങ്ങിയത് ഞാനായിരുന്നു. കയ്യിൽ ബാഗ് എടുത്തിട്ടുണ്ടല്ലോ എന്ന് ടികെ ചോദിച്ചപ്പോൾ എനിക്കതിന്റെ പൊരുൾ മനസ്സിലായിരുന്നില്ല. ഏതാനും മിനുട്ടുകൾ കൊണ്ട് പണം ബാഗിൽ വെക്കാനാകാതെ സിബ്ബ് ഇടാൻ കഴിയാത്ത അവസ്ഥവന്നു. ഞാനും ടികെയുടെ ഔദ്യോഗിക ഡ്രൈവർ അപ്പച്ചനും കൂടി രണ്ടു വലിയ ചുട്ടി തോർത്ത് വാങ്ങി കരുതിവെച്ചു. ഏറെ വൈകാതെ ആ തോർത്തിലും ഉൾക്കൊള്ളാനാകാതെ പണം നിറഞ്ഞു കവിഞ്ഞു.രാത്രിയായതോടെ കാർ വഴിയിൽ ഒതുക്കി ജൗളിക്കടയിൽ നിന്ന് ഇരട്ടമുണ്ട് വാങ്ങി അതുവരെ കിട്ടിയ എത്രയോ ലക്ഷങ്ങൾ ഡിക്കിയിൽ കുത്തിക്കയറ്റി. ഏറെയും അബ്കാരികളുടെ പൊതികൾ ആയിരുന്നു. അതെല്ലാം. ടികെ എക്‌സൈസ് മന്ത്രിയായിരുന്നല്ലോ.
രാത്രി ടി.കെ മുറിയിൽ കിടക്കാൻ കയറിയപ്പോൾ ഞാൻ ഈ പണവുമായി പുലിവാൽ പിടിച്ചു. പക്ഷെ പണം ഇറക്കിവെച്ച മുറിയുടെ താക്കോൽ ഞാൻ കൊണ്ടുപോകുന്നതുവരെ അപ്പച്ചന് സമാധാനമില്ലായിരുന്നു. ഞാനാകട്ടെ ടികെയുടെ മുടി അമിതമായി വളർന്നതുകൊണ്ട് രാവിലെ ആറ് മണിക്ക് തന്നെ അത് മുറിക്കാൻ തെരഞ്ഞു നടന്നു ആളെക്കണ്ടെത്തിയിരുന്നു. അപ്പോഴും അപ്പച്ചന്റെ കണ്ണ് ഈ പണം ഭദ്രമായി സൂക്ഷിക്കുന്നുണ്ടോ എന്നതിലായിരുന്നു. അത് റാഞ്ചാൻ കണ്ണുകൾ നോട്ടമിട്ട് പരിസരത്തുണ്ടായിരുന്നു എന്നത് അപ്പച്ചനാണ് എന്നെ പഠിപ്പിച്ചത്. 
 കൊച്ചി ദേശാഭിമാനിയിൽ നോട്ടുകെട്ടുകൾ എണ്ണി ബൻഡിലാകുമ്പോളും ആ പഴയ അനുഭവമാണ് ഓർമ്മയിലെത്തിയത്... മുറിക്കുള്ളിൽ പണം ഏറ്റുവാങ്ങിയത് അന്നത്തെ ഏറ്റവും വലിയ കെട്ട് കരിമണൽ കർത്തയുടെ ആയിരുന്നു. അത് അദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങിയത് എന്റെ ആത്മ സുഹൃത്ത് ദേശാഭിമാനിയിലെ ഡെപ്യൂട്ടി ജനറൽ മാനേജർ കെ വേണുഗോപാലും.. കർത്തയുമായി വർഷങ്ങളുടെ പരിചയക്കാരൻ.. 'ഒരു വമ്പൻ പാർട്ടി 'എത്താനുണ്ടെന്ന് ഇടക്കിടെ പി രാജീവ് പറഞ്ഞുകൊണ്ട് മോഹിപ്പിച്ചെങ്കിലും അയാൾ വന്നപ്പോൾ കിട്ടിയത് അഞ്ചുലക്ഷത്തിൽ താഴെ മാത്രമായിരുന്നു. തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് പരൽ മീൻ കൊണ്ടുവന്നവനായിരുന്നു പി രാജീവ്. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാർഥിക്കു വോട്ടു പിടിക്കാൻ ബലാൽസംഗ കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകൾ ഇല്ലാത്തതാണ്. എന്തും ചെയ്യും രാജീവ്.. കാഥികന്റെ ശബ്ദഘോഷം കൊണ്ട് ബൗദ്ധിക മേമ്പൊടി പടയയ്ക്കും.
രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമായതുകൊണ്ടാകാം ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാൽ മതി എന്നായിരുന്നു പിണറായി സഖാവ് ചട്ടം കെട്ടിയത് .ഏറെ കൗതുകകരം അന്ന് രാത്രി ഡ്യുട്ടിയിൽ ഉണ്ടായിരുന്ന ന്യുസ് എഡിറ്റർ ഇതെല്ലം നിരീക്ഷിക്കുകയായിരുന്നു എന്നതാണ്. അതെന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്റെ എഫ് ബി പോസ്റ്റ് കണ്ടു അദ്ദേഹം അന്നുണ്ടായ സംഭവങ്ങൾ പലതും റീപ്ലെ ചെയ്തു കേട്ടപ്പപ്പോൾ അതെല്ലാം ശരിയായിരുന്നു എന്നതും എനിക്ക് മനസിലായി. മുകളിലെ നിലയിൽ പിണറായി സഖാവ് ഏതുമുറിയിൽ ആണ് ഇരിക്കുന്നതെന്ന വിവരം അതിഥികൾ മനസ്സിലാക്കിയതും കയറിച്ചെന്നപ്പോൾ കണ്ട ഇവരോടായിരുന്നത്രെ. അതേക്കുറിച്ചു കൂടുതൽ വിവരിക്കുന്നില്ല.
 

Latest News