ആലപ്പുഴ-നിഖില്‍ തോമസിന്റെ പേരില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസാണ് അറസ്റ്റിലായത്. ചെന്നൈയില്‍ എഡ്യുകെയര്‍ എന്ന സ്ഥാപനം നടത്തിവരുന്ന ആളാണ് റിയാസ്. 40000 രൂപ പ്രതിഫലം വാങ്ങിയാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയതെന്ന് ഇയാള്‍ മൊഴി നല്കി. ഇത് സംബന്ധിച്ച തെളിവുകളും ശേഖരിച്ചതായി പോലീസ് പറയുന്നു.ചെന്നൈയിലെത്തിയാണ് കായംകുളം പോലീസ് റിയാസിനെ കസ്റ്റഡിയിലെടുത്തത്.
എസ്എഫ്ഐ നേതാവായ നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളജില്‍ എംകോമിന് പ്രവേശനം നേടിയിരുന്നു. അബിന്‍ സി.രാജ് എന്ന സുഹൃത്ത് വഴിയാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിപ്പിക്കറ്റ് സംഘടിപ്പിച്ചതെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു.
പാലാരിവട്ടം സ്വദേശിയായ സജിന്‍ ആണ് സര്‍ട്ടിഫിക്കറ്റ് തനിക്ക് കൈമാറിയതെന്നായിരുന്നു അബിന്റെ മൊഴി. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ ഉറവിടം ചെന്നൈയാണെന്ന് വ്യക്തമായത്.