Sorry, you need to enable JavaScript to visit this website.

ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു

ഇടുക്കി - ഇടുക്കിയിലെ  മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചത് കൈയ്യബദ്ധമല്ലെന്നും പ്രതികള്‍ മനപൂര്‍വ്വം നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സണ്ണിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന് ലഭിച്ച സൂചന. സംഭവത്തില്‍  മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആസൂത്രിതമായ കൊലപാതകമാണെന്ന സൂചന പോലീസിന് ലഭിച്ചത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. പ്രതികളില്‍ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസില്‍ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച എക്‌സൈസിന് വിവരം നല്‍കിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികള്‍ കരുതിയിരുന്നത്. ഇതാണ് വൈരാഗ്യത്തിന് കാരണം. സജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. പിടിയിലായ സജിയാണ് സണ്ണിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ കതകില്‍ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ കണ്ടതാണ് പൊലീസിന് സംശയം വര്‍ധിപ്പിച്ചത്. വന്യമൃഗത്തെ വെടിവെച്ചപ്പോള്‍ അബദ്ധത്തില്‍ സണ്ണിയ്ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരുന്നത്. 

 

Latest News