Sorry, you need to enable JavaScript to visit this website.

റേഡിയോ ജോക്കി രാജേഷ് വധത്തില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, ഒന്‍പത് പ്രതികളെ വെറുതെ വിട്ടു

തിരുവനന്തപുരം - റേഡിയോ ജോക്കി രാജേഷ് വധത്തില്‍ രണ്ടും മൂന്നും പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.  ഒന്‍പത് പ്രതികളെ വെറുതെ വിട്ടു. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരെയാണ് ശിക്ഷിച്ചത്. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ ആയുധം ഉപയോഗിച്ചതിന് പത്ത് വര്‍ഷം കഠിന തടവ് കൂടി വിധിച്ചിട്ടുണ്ട്.  2 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികള്‍ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാര്‍ഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നല്‍കാത്തതെന്നും കോടതി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി സത്താര്‍ ഇപ്പോഴും ഒളിവിലാണ്.
2018 മാര്‍ച്ച് 27ന് മടവൂര്‍ ജംഗ്ഷനിലുള്ള റെക്കോഡിംഗ് സ്റ്റുഡിയോയില്‍ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ആദ്യത്തെ വിദേശ ക്വട്ടേഷന്‍ കൊലപാതകമായിരുന്നു അത്. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വിശ്വസ്തനായ അലിബായ് എന്ന മുഹമ്മദ് സാലിഹിനു സത്താര്‍ വിദേശത്തു വെച്ച് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. അബ്ദുല്‍ സാലിഹും, കായംകുളത്തെ ക്വട്ടേഷന്‍ സംഘതലവന്‍ അപ്പുണ്ണിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പതിനൊന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് സാലിഹ് മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ ഒഴികെയുള്ള ഒന്‍പതു പ്രതികളെയും വെറുതെ വിട്ടു. വിദേശത്തു തുടരുന്ന കേസിലെ ഒന്നാം പ്രതി സത്താറിനെ ഇത്വരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

 

Latest News