Sorry, you need to enable JavaScript to visit this website.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: പോലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

കോഴിക്കോട് - പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതിയാക്കി പോലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അന്വേഷണത്തിനായി രൂപീകരിച്ച ജില്ലാ തല മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു. മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പോലീസ് രംഗത്തു വരികയും ചെയ്തു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്നു കാണിച്ചാണ് കോടതിയില്‍ കുറ്റപത്രം നല്‍കുക. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുതന്നെയാണ് കത്രിക കുടുങ്ങിയതെന്ന നിലപാടിലാണ് പോലീസ്. 
മെഡിക്കല്‍ കോളേജില്‍ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചു. വയറ്റില്‍ നിന്ന് കണ്ടെത്തിയ കത്രിക കാന്തികാര്‍ഷണമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. സ്‌കാനിംഗ് മെഷിനുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലും ശരീരത്തില്‍ ലോഹത്തിന്റെ അംശമുണ്ടെങ്കില്‍ അത് തിരിച്ചറിയുമെന്നാണ് പൊലീസിന് വ്യക്തമായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാന്‍ സാധിക്കില്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ ബോര്‍ഡ് ചികിത്സ പിഴവുണ്ടെന്നുള്ള കാര്യം റിപ്പോര്‍ട്ടില്‍ അംഗീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസവശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ കേസെടുത്ത് മുന്നോട്ടുപോകാനാണ് പൊലീസ് ആലോചിക്കുന്നത്.

 

Latest News