തിരുവനന്തപുരം- സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്‍.ടി.സി.യെ തൊഴിലാളികളുടെ സഹകരണ സംഘമാക്കാന്‍ ശുപാര്‍ശ. തൊഴിലാളി സംഘടനകളുമായി സി.എം.ഡി. ബിജു പ്രഭാകര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു നിര്‍ദേശം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. വിവിധ സമയങ്ങളിലായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള 9000 കോടി രൂപയുടെ വായ്പ സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റിയിരുന്നു. ഇത് ജീവനക്കാരുടെ ഷെയറായി മാറ്റി സഹകരണസംഘം അല്ലെങ്കില്‍ കമ്പനി രൂപവത്കരിക്കാമെന്ന നിര്‍ദേശമാണ് മാനേജ്‌മെന്റ് മുന്നോട്ടുവച്ചത്. ഈ നിര്‍ദേശം അപ്പോള്‍തന്നെ തള്ളിയതായി സി.ഐ.ടി.യു. വ്യക്തമാക്കി. സ്ഥാപനം പൊതുമേഖലയില്‍ നിര്‍ത്തണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും ഇത്തരമൊരു നിര്‍ദേശം അപ്രായോഗികമാണെന്നുമാണ് സി.ഐ.ടി.യു. നിലപാട്. എന്നാല്‍ സര്‍ക്കാര്‍ അറിയാതെ ഇത്തരമൊരു നിര്‍ദേശം മാനേജ്‌മെന്റ് മുന്നോട്ടുവയ്ക്കില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. സര്‍ക്കാരും മാനേജ്‌മെന്റും ഇടതുപക്ഷ തൊഴിലാളി സംഘടനകളും അറിഞ്ഞൊരു നിര്‍ദേശമാണിതെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആക്ഷേപം.തുടര്‍ച്ചയായി ധനസഹായം നല്‍കി സ്ഥാപനത്തെ നിലനിര്‍ത്താന്‍ കഴിയില്ലെന്ന നിലപാട് ധനവകുപ്പ് സ്വീകരിക്കവേ സഹകരണസംഘം രൂപവത്കരണ നിര്‍ദേശം കെ.എസ്.ആര്‍.ടി.സി.യില്‍ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.യെ സര്‍ക്കാര്‍ കെയ്യൊഴിയാനുള്ള നീക്കമായി ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.