തൊടുപുഴ- ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ 12 മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇടുക്കിയില്‍ 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുകയെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണ നിയന്ത്രണം പിന്‍വലിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പ്രകടനവും നടത്തും.
ഓണക്കാലത്ത് വ്യാപാരത്തിന് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടി, ഹര്‍ത്താല്‍ ബഹിഷ്‌കരിച്ച് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഹര്‍ത്താല്‍ പരിഗണിച്ച് ഇടുക്കി ജില്ലയില്‍ ഇന്ന് നടത്താനിരുന്ന എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി. മാറ്റിവച്ച പരീക്ഷ ഈ മാസം 25 ന് നടത്തുമെന്നാണ് അറിയിപ്പ്. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ നാളത്തേക്ക് മാറ്റി വച്ചിട്ടുണ്ട്.