Sorry, you need to enable JavaScript to visit this website.

പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന ഹൈവേ നിര്‍മാണം പൂര്‍ത്തിയാകുന്നു

കൊല്ലം- ഉടന്‍ കമ്മിഷന്‍ ചെയ്യാനിരിക്കുന്ന പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. മുക്കടവില്‍ അനുബന്ധ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിവച്ചിരുന്ന ടാറിംഗ് പുനരാരംഭിച്ചു. നടപ്പാതയുടെ വശങ്ങളിലെ കൈവരികളിലെ പെയിന്റിങ് വേഗത്തില്‍ നടക്കുകയാണ്. ഇനി സിഗ്‌നല്‍ സംവിധാനങ്ങളും ടാറിംഗിന്റെ ഉപരിതലത്തിലെ സൂചനാ വരകളുമാണ് ശരിയാക്കേണ്ടത്. ടാറിംഗ് പൂര്‍ത്തിയായ ഭാഗങ്ങളില്‍ തെരുവുവിളക്കുകളും കാത്തിരിപ്പു കേന്ദ്രങ്ങളും സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരുന്നുണ്ട്. മുക്കടവില്‍ അലൈന്‍മെന്റ് മാറ്റവും കഴിഞ്ഞതോടെ ഇനി വെളിച്ച സംവിധാനംകൂടി ഒരുക്കിയാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  ഏകദേശം പൂര്‍ത്തിയാകും.

പുനലൂര്‍ ടി.ബി ജംഗ്ഷന്‍ മുതല്‍ നെല്ലിപ്പള്ളി ഗവ. പോളിടെക്‌നിക് കോളജ് വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ നടപ്പാതയുടെയും വശങ്ങളിലെ കൈവരിയുടെയും നിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്. നെല്ലിപ്പള്ളിയില്‍ കല്ലടയാറിന്റെ തീരത്ത് ഭിത്തി പുനര്‍നിര്‍മാണം പൂര്‍ത്തിയായാല്‍ ഈ ഭാഗത്തും ടാറിങ്ങും നടപ്പാത കൈവരി നിര്‍മാണവും നടത്തും. പുനലൂര്‍ - കോന്നി റീച്ചിന്റെ പ്രവൃത്തി രണ്ടര വര്‍ഷത്തിനു മുന്‍പാണ് ആരംഭിച്ചത്. 2022 ഡിസംബറില്‍ തീര്‍ക്കേണ്ട പ്രവൃത്തിയാണിത്. വിവിധ കാരണങ്ങളാല്‍ വൈകിയ പ്രവൃത്തിക്ക് പലതവണയായി കാലാവധി നീട്ടിനല്‍കിയിരുന്നു. ഡിസംബറിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

 

Latest News