കൊല്ലം- ഭാര്യയെ കല്ലടയാറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ എട്ടു വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതി അബ്ദുല്‍ ഷിഹാബുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പുനലൂര്‍ വാളക്കോട് കണ്ണങ്കര വീട്ടില്‍ ഷാജഹാന്‍- നസീറ ദമ്പതികളുടെ മകള്‍ ഷജീറ(30) കൊല്ലപ്പെട്ട കേസിലാണു ഭര്‍ത്താവ് തേവലക്കര പാലയ്ക്കല്‍ ബദരിയ മന്‍സില്‍ അബ്ദുല്‍ ഷിഹാബ് (41) കഴിഞ്ഞ ആഴ്ച അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനു ശേഷമാണു ഷജീറ അരുംകൊല ചെയ്യപ്പെട്ടത്.
2015 ജൂണ്‍ 17നു കേസിനാസ്പദമായ സംഭവം നടന്ന പടിഞ്ഞാറേ കല്ലട കോതപുരം കല്ലുംമൂട്ടില്‍ കടവിലും പ്രതിയുടെ വീട്ടിലും ഉച്ചക്ക് 12 മണിയോടെ ഷിഹാബിനെ എത്തിച്ച് തെളിവെടുത്തു. കരിമീന്‍ വാങ്ങാനെന്ന പേരിലാണ് ഷജീറയുമായി പ്രതി സന്ധ്യയോടെ കല്ലുംമൂട്ടില്‍ കടവിലെത്തിയത്. തുടര്‍ന്നു തലവേദന എടുക്കുന്നുവെന്നു പറഞ്ഞ് ഇരുട്ട് പരക്കുന്നത് വരെ കടവിലിരുന്നു. ആളുകളുടെ സാന്നിധ്യം ഒഴിവാക്കാനും കൊലപാതകം മറ്റാരും കാണാതിരിക്കാനുമാണ് ഇയാള്‍ തലവേദന അഭിനയിച്ച് അവിടെ ഇരുന്നതെന്നാണു പോലീസ് പറയുന്നത്. കടവിലെ ബോട്ട് ജെട്ടിയില്‍നിന്നു വെള്ളത്തിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്.