തിരുവനന്തപുരം - ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന വാഹന ഉടമകള്‍ക്ക് വാഹന ഇന്‍ഷുറന്‍സില്‍ 'നോണ്‍-വയലേഷന്‍ ബോണസ്' നല്‍കുന്ന കാര്യം പരിഗണനയില്‍ . ഇന്‍ഷുറന്‍സ് കമ്പനികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവര്‍ക്ക് പെനാല്‍റ്റിയും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെടും. അപകടമുണ്ടായ ഉടനെ നല്‍കേണ്ട ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്‌മെന്റിന്റെ ചെലവുകള്‍ വഹിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിക്കാനും റോഡരികുകളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാനും തീരുമാനമായി. സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞതായി യോഗം വിലയിരുത്തി.