യൂറി കോര്‍ടെസിന്റെ വേദനക്ക് ക്രൊയേഷ്യ പ്രായശ്ചിത്തം ചെയ്യും. ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ എക്‌സ്ട്രാ ടൈമില്‍ ജയിച്ചത് മതിമറന്നാഘോഷിച്ച ക്രൊയേഷ്യന്‍ കളിക്കാര്‍ക്കടിയില്‍ പെട്ടുപോവുകയായിരുന്നു പാവം എ.എഫ്.പി ഫൊട്ടോഗ്രഫര്‍. ഒന്നിനു മേലെ ഒന്നായി ചാടിവീണ കളിക്കാര്‍ അറിയുന്നുണ്ടായിരുന്നില്ല, ഒരു പാവം ഫൊട്ടോഗ്രഫര്‍ എല്ലാവര്‍ക്കും താഴെ ചതഞ്ഞുകിടക്കുന്നുണ്ടെന്ന്. വേദനക്കിടയിലും കോര്‍ടെസ് ക്യാമറ ക്ലിക്ക് ചെയ്തുകൊണ്ടിരുന്നു. ഒരുപാട് അപൂര്‍വ ഫോട്ടോകള്‍ ആ ക്യാമറ ഒപ്പിയെടുത്തു. അബദ്ധം മനസ്സിലായ കളിക്കാര്‍ പിന്നീട് കോര്‍ടെസിനെ പിടിച്ചെഴുന്നേല്‍പിച്ചു. ഡിഫന്റര്‍ ഗോമദോയ് വീദ അദ്ദേഹത്തിന്റെ നെറ്റിയില്‍ ഉമ്മ കൊടുക്കുകയും ചെയ്തു.
വേദന അനുഭവിച്ചെങ്കിലും ഒരു രാത്രി കൊണ്ട് കോര്‍ടെസ് ലോകപ്രശസ്തനായി. എക്‌സ്ട്രാ ടൈമില്‍ വിജയ ഗോളടിച്ച മാരിയൊ മന്‍സൂകിച് ഓടിവരുന്നതു കണ്ടപ്പോള്‍ അടുത്തുനിന്നുള്ള ഫോട്ടോക്കായി രണ്ടാമത്തെ ക്യാമറയെടുക്കാന്‍ കുനിഞ്ഞതായിരുന്നു കോര്‍ടെസ്. മന്‍സൂകിച്ചിനു മേലെ മറിഞ്ഞുവീഴാന്‍ പാഞ്ഞെത്തിയ ക്രൊയേഷ്യന്‍ കളിക്കാര്‍ ഫൊട്ടോഗ്രഫറെ ശ്രദ്ധിച്ചതേയില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
എല്‍സാല്‍വഡോറുകാരനായ കോര്‍ടെസിനെയും കുടുംബത്തെയും ക്രൊയേഷ്യയില്‍ അവധിക്കാലം ആസ്വദിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോള്‍ ക്രൊയേഷ്യന്‍ ടൂറിസ്റ്റ് ബോര്‍ഡ്. അമ്പത്തിമൂന്നുകാരന്‍ ക്ഷണം സ്വീകരിക്കുകയും ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ വരാമെന്ന് സമ്മതിക്കുകയും ചെയ്തു.
കളിക്കാര്‍ക്ക് സംഭവിച്ച അബദ്ധം ഏറ്റവും തനിമയുള്ള കുറേ ചിത്രങ്ങള്‍ പിറക്കാന്‍ കാരണമായതില്‍ സന്തോഷമുണ്ടെന്ന് ടൂറിസ്റ്റ് ബോര്‍ഡ് ഡയരക്ടര്‍ ക്രിസ്റ്റിയാന്‍ സ്റ്റാനിസിച് പറഞ്ഞു. ആ ചിത്രങ്ങളില്‍ കളിക്കാരുടെ ആഘോഷം മാത്രമല്ല, ഞങ്ങളുടെ കളിക്കാരുടെ വിനയവും പ്രതിഫലിക്കുന്നു. ക്രൊയേഷ്യയുടെ ഭംഗിയും ക്രൊയേഷ്യക്കാരുടെ ആതിഥ്യമര്യാദയും നേരിട്ട് ആസ്വദിക്കാനുള്ള ക്ഷണം കോര്‍ടെസ് സ്വീകരിച്ചതില്‍ സന്തോഷമുണ്ട് -അദ്ദേഹം പറഞ്ഞു.
ആ യാദൃശ്ചിക സംഭവത്തോടെ ക്രൊയേഷ്യയുമായി എന്നെന്നേക്കുമായി സൗഹൃദ ബന്ധം സ്ഥാപിതമായിക്കഴിഞ്ഞുവെന്നും ലോകകപ്പ് ഫൈനലില്‍ താന്‍ ക്രൊയേഷ്യയെയാണ് പിന്തുണച്ചതെന്നും കോര്‍ടെസ് പ്രതികരിച്ചു.