ചോദ്യം: 18 വയസ്സായ മകളുടെ ഇഖാമ എങ്ങനെയാണ് എന്റെ ഇഖാമയിൽനിന്നു വേർപെടുത്താനാവുക? അബ്ശിർ പ്ലാറ്റ്‌ഫോം വഴി ഇതു ചെയ്യാൻ ശ്രമിച്ചപ്പോൾ അപേക്ഷ നിരസിക്കുകയായിരുന്നു. അബ്ശിർ വഴി ഇതു ശരിയാക്കാനാവുമോ?
ഉത്തരം: ജവാസാത്തിന്റെ അബ്ശിർ പ്ലാറ്റ്‌ഫോം വഴി ഇതു വളരെ എളുപ്പത്തിൽ ശരിയാക്കാനാവും. അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചായിരിക്കണം നടപടികൾ പൂർത്തിയാക്കേണ്ടത്. അബ്ശിർ ലോഗിൻ ചെയ്ത ശേഷം മൈ സർവീസിൽ പോവുക. അതിനു ശേഷം സർവീസസ് ക്ലിക് ചെയ്ത് തുടർന്ന് തവസുൽ സർവീസ് തെരഞ്ഞെടുക്കുക. അതിൽ സർവീസ് ഫോർ എക്പാട്രിയറ്റ് ഇൻസൈഡ് കിംഗ്ഡം എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ഫോം അപ്‌ലോഡ് ചെയ്യണം. ജവാസാത്ത് വെബ്‌സൈറ്റിൽനിന്നുമാണ് അതിനാവശ്യമായ ഫോം എടുക്കേണ്ടത്. അത് ഫിൽ ചെയ്ത് മകളുടെ ഇഖാമ, പാസ്‌പോർട്ട്, നിങ്ങളുടെ ഇഖാമ കോപ്പി സഹിതം പി.ഡി.എഫ് ഫോർമാറ്റിൽ അപ് ലോഡ് ചെയ്യണം. ജെപഗ്, പി.എൻ.ജി ഫോർമാറ്റിലും ഇത് അപ് ലോഡ് ചെയ്യാം. ഏതു രീതിയിലായാലും ഒരു എംബിയിൽ കൂടാൻ പാടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇവയെല്ലാം അപ് ലോഡ് ചെയ്ത ശേഷം നിങ്ങളുടെ മൊബൈലിൽ വിജയകരമായി സമർപ്പിച്ചിരിക്കുന്നുവെന്ന സന്ദേശം വരും. അപേക്ഷ ഫോം അപ്‌ലോഡ് ചെയ്യും നേരം തെറ്റെന്തെങ്കിലും സംഭവിച്ചാൽ അതു നിരസിക്കപ്പെടും. അപ്പോഴും മൊബൈലിൽ സന്ദേശം ലഭിക്കും. അന്നേരം ഫോം വീണ്ടും ചെയ്യുകയാണ് വേണ്ടത്.
ഭാര്യക്ക് അബ്ശിൽ അക്കൗണ്ട് ഉണ്ടാക്കൽ
ചോദ്യം: ആശ്രിത വിസയിലുള്ള ഭാര്യക്ക് അബ്ശിൽ അക്കൗണ്ട് ഉണ്ടാക്കാൻ കഴിയുമോ? കഴിയുമെങ്കിൽ എങ്ങനെയാണ് അതു ചെയ്യേണ്ടത്.
ഉത്തരം: ആശ്രിത വിസയിലുള്ളവർക്ക് അബ്ശിർ അക്കൗണ്ട് ഉണ്ടാക്കാൻ കഴിയും. അബ്ശിർ പ്ലാറ്റ്‌ഫോമിൽ അതിനുള്ള സൗകര്യമുണ്ട്. www.moi.gov.sa ൽ സൈൻ ഇൻ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കാം. സൈൻ ഇൻ ചെയ്ത് ഫോം ഫിൽ ചെയ്തു രജിസ്റ്റർ ചെയ്ത ശേഷം ജവാസാത്ത് ഓഫീസിലെയോ ഷോപ്പിംഗ് മാളുകളിലെയോ സെൽഫ് സർവീസ് കംപ്യൂട്ടർ വഴിയോ അതല്ലെങ്കിൽ നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കുകൾ വഴിയോ ഇത് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.