തിരുവനന്തപുരം - വാഹനങ്ങളില്‍ തുടര്‍ച്ചയായി തീപ്പിടിച്ച് അപകടത്തിന് കാരണമാകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഗതാഗത കമ്മീഷണറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓട്ടോമൊബൈല്‍ മേഖലയിലെ വിദഗ്ധരെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതിയായിരിക്കും രൂപീകരിക്കുക. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ വാഹനങ്ങള്‍ക്ക് തീപ്പിടിച്ച് ഉണ്ടായ അപകടങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. അശാസ്ത്രീയമായ രൂപമാറ്റമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ഇന്ന് ചേര്‍ന്ന യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. റോഡുകളില്‍ സ്ഥിരമായി നിയമം ലംഘിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. അതേസമയം നിയമം കൃത്യമായി അനുസരിക്കുന്നവര്‍ക്ക് പ്രീമിയം തുക കുറച്ചു നല്‍കുന്ന കാര്യങ്ങളും പരിഗണനയിലുണ്ട്.