കൊച്ചി - തന്നെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും കുട്ടികള്‍ പഠിക്കട്ടേയെന്നും തനിക്ക് പരാതിയില്ലെന്നും മഹാരാജാസ് കോളേജിലെ കാഴ്ചാ പരിമിതയുള്ള അധ്യാപകന്‍ ഡോ. സി യു പ്രിയേഷ്. തന്നെ അവഹേളിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് അധ്യാപകന്‍ പൊലീസിന് മൊഴിനല്‍കി. പരാതിയില്ലാത്തതിനാല്‍ കേസ് എടുക്കുന്നില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. കോളേജിലെ ആറ് വിദ്യാര്‍ത്ഥികള്‍ കാഴ്ചാ പരിമിതിയുള്ള അധ്യാപകനെ അവഹേളിക്കുന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം കോളജ് അധികൃതര്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഇതിന്റെ അന്വേഷണത്തിനായി എത്തിയപ്പോഴാണ് തനിക്ക് പരാതിയില്ലെന്ന് അധ്യാപകന്‍ പോലീസിനെ അറിയിച്ചത്.