തിരുവനന്തപുരം - സി പി എമ്മിനെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ. അനധികൃതമായി ഭൂമി മണ്ണിട്ട് നികത്തിയെന്ന ആരോപണത്തില്‍ നാളെ റവന്യൂ വകുപ്പ് മാത്യൂ കുഴല്‍നാടന്റെ കുടുംബ സ്വത്തില്‍ സര്‍വ്വേ നടത്താനിരിക്കെയാണ് അദ്ദേഹം സി പി എമ്മിനെതിരെ വീണ്ടും രംഗത്തെത്തിയത്. തനിക്കെതിരായ ആരോപണത്തില്‍ ആരോഗ്യകരമായ ഏത് സംവാദത്തിനും തയ്യാറാണെന്നും ഇടുക്കിയിലായതിനാല്‍ എം എം മണിയുമായി സംവദിക്കാന്‍ തയ്യാറാണെന്നും കുഴല്‍നാടന്‍ പറഞ്ഞു. കുടുംബ വീട്ടിലെ റവന്യൂ പരിശോധനയെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ , മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ രേഖകള്‍ പുറത്തു വിടാന്‍ തയ്യാറുണ്ടോയെന്നും വീണയുടെ അക്കൌണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കുമോയെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് വരുമാനത്തില്‍ കൂടുതല്‍ സ്വത്ത് ഉണ്ടോയെന്ന് സി പി എമ്മിന് പരിശോധിക്കാം. സി പി എമ്മില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും രേഖകള്‍ പരിശോധിക്കാം. വിചാരണക്കിരിക്കാന്‍ ഇനിയും തയ്യാറാണ്. നികുതി സംബന്ധിച്ച് അറിയണമെങ്കില്‍, ഇതേക്കുറിച്ച് അറിയാവുന്നവര്‍ക്ക് വരാം. അത് കൊണ്ടാണ് തോമസ് ഐസക്കിനെ ക്ഷണിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.