കൊച്ചി- അങ്കമാലി- എറണാകുളം അതിരൂപതയില്‍പെട്ട എല്ലാ പള്ളികളിലും സിനഡ് അംഗീകരിച്ച ആരാധനാ ക്രമം ഓഗസ്റ്റ് 20 മുതല്‍ നടപ്പാക്കണമെന്ന് പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ അന്ത്യശാസനം നല്‍കി.
ഈ നിര്‍ദ്ദേശം അനുസരിക്കാതിരിക്കുന്നത് അനുസരണക്കേടായി കണക്കാക്കുമെന്നും എന്നാല്‍ വ്യക്തിപരമല്ലാത്ത കാരണങ്ങളാലോ തടയാനാവാത്ത എതിര്‍പ്പ് മൂലമോ ആരാധനാ ക്രമം പാലിക്കാനാകാത്ത സാഹചര്യമുണ്ടായാല്‍ സ്ഥിതിഗതികള്‍ ശാന്തമാകും വരെ കാക്കാവുന്നതാണെന്നും ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച് തുറന്ന കത്തില്‍ പൊന്തിഫിക്കല്‍ ഡെലിഗേറ്റ് അറിയിച്ചിട്ടുണ്ട്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2022 മാര്‍ച്ച് 25 എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കുമെഴുതിയ കത്ത് ഓഗസ്റ്റ് 20ന് ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം വായിക്കണമെന്നും ആ കത്തിലെ ഉള്ളടക്കം ഒരു തരത്തിലുള്ള വളച്ചൊടിക്കലുകള്‍ക്കോ തെറ്റായ വ്യഖ്യാനങ്ങള്‍ക്കോ ഉപയോഗിച്ച് കൂടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മനപൂര്‍വ്വമായി വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കാനോന്‍ നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുമെന്നും മുന്നറിയിപ്പുണ്ട്.