റിയാദ് - ആശുപത്രികളിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നു രോഗികളിൽ നിന്ന് നീക്കം ചെയ്ത അവയവങ്ങൾ എട്ടു രോഗികൾക്ക് പുതുജീവൻ നൽകി. റിയാദ് പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രി, അബുദാബി ക്ലെവ്‌ലാന്റ് ക്ലിനിക്ക് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നു പേരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളുടെ സമ്മതം നേടിയെടുക്കുന്നതിൽ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സംഘം വിജയിക്കുകയായിരുന്നു.
രോഗികളിൽ നിന്ന് നീക്കം ചെയ്ത അവയവങ്ങൾ എട്ടു രോഗികളിൽ വിജയകരമായി മാറ്റിവെച്ചു. പതിമൂന്നുകാരിയായ പെൺകുട്ടിയിലും 22 വയസ് പ്രായമുള്ള സൗദി യുവാവിലും 48 വയസ് പ്രായമുള്ള സൗദി വനിതയിലും ഹൃദയങ്ങൾ മാറ്റിവെച്ചു. നാലു വയസുകാരിയിലും 18 വയസ് പ്രായമുള്ള സൗദി യുവതിയിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി. 51 വയസ് പ്രായമുള്ള സൗദി പൗരന് ശ്വാസകോശ മാറ്റിവെക്കൽ ഓപ്പറേഷൻ നടത്തി. 31 വയസ് പ്രായമുള്ള സൗദി യുവാവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും 32 വയസ് പ്രായമുള്ള സൗദി യുവതിക്ക് വൃക്ക, പാൻക്രിയാസ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി.
മെഡിക്കൽ മുൻഗണനാ പ്രകാരം നീതിപൂർവമായി അവയവ വിതരണം ഉറപ്പാക്കുന്ന നിലക്ക് മെഡിക്കൽ നൈതികക്ക് അനുസൃതമായാണ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തേണ്ട രോഗികളെ നിർണയിച്ചതെന്ന് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ ആശുപത്രികളും വകുപ്പുകളും നന്നായി സഹകരിച്ചതിന്റെ ഫലമായാണ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയായതെന്നും ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.