കൊല്ലം-കൊടുംവേനലിന്റെ സൂചനകള്‍ നല്‍കി കഴിഞ്ഞ ദിവസം രാവിലെ തീരദേശ മേഖല ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. കര്‍ക്കടക മാസത്തില്‍ മൂടല്‍ മഞ്ഞ് കാണുന്നത് അസാധാരണമാണ്. മുന്‍കാലങ്ങളില്‍ സാധാരണ ഈ സമയം ശക്തമായ മഴയായിരുന്നു അനുഭവപ്പെട്ടത്. മൂടല്‍ മഞ്ഞിന്റെ സാന്നിദ്ധ്യം വരാനിരിക്കുന്ന കൊടും വേനലിന്റെ സൂചനയാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത്തവണ രൂക്ഷമായ ചൂടാണ് ജില്ലയിലെങ്ങും അനുഭവപ്പെടുന്നത്. ഇന്നലെ പുനലൂരില്‍ 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ഇക്കൊല്ലം കൊല്ലം ജില്ലയില്‍ മഴയും തീരെ കുറവായിരുന്നു. പത്തനംതിട്ട, ആലപ്പുഴ തുടങ്ങി തൊട്ടടുത്ത ജില്ലകളില്‍ കാലവര്‍ഷം ശക്തമായിരുന്നപ്പോള്‍ ജില്ലയില്‍ താരതമ്യേന കുറവ് മഴയാണ് അനുഭവപ്പെട്ടത്. ഓഗസ്റ്റ് 20നു ശേഷം മഴ കാണുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
കര്‍ക്കടകം കഴിഞ്ഞ് ചിങ്ങം പുലര്‍ന്നിട്ടും കൃഷിക്ക് വെള്ളം കോരേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഓണം ലക്ഷ്യമിട്ടുള്ള കൃഷിയുടെ വിളവെടുപ്പ് കാലം കൂടിയായ ഈ സമയമുണ്ടാകുന്ന മഴയുടെ കുറവ് പച്ചക്കറി, കിഴങ്ങു വര്‍ഗം ഉള്‍പ്പെടെ കൃഷിയെയും ബാധിക്കും. ജില്ലയിലെ പ്രധാന ജലസ്രോതസായ തെന്മല പരപ്പാര്‍ ഡാമിലും ജലവവിതാനം കാര്യമായി കുറഞ്ഞിട്ടുണ്ട്. കല്ലട ഇറിഗേഷന്‍ വഴിയുളള ജല വിതരണത്തെയും മറ്റു കുടിവെള്ള പദ്ധതിയെയും ഇതു ബാധിക്കാനിടയുണ്ട്.