Sorry, you need to enable JavaScript to visit this website.

അൽമറാഇയുടെ ചില ഉൽപന്നങ്ങൾ പിൻവലിച്ചു

ജിദ്ദ - അൽമറാഇ കമ്പനിയുടെ ചില ഉൽപന്നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ചു. കമ്പനിയുടെ ഏതാനും ഉൽപന്നങ്ങൾക്ക് രുചിവ്യത്യാസമുള്ളതായി ഉപയോക്താക്കൾ സാമൂഹികമാധ്യമങ്ങളിലൂടെ കൂട്ടത്തോടെ പരാതിപ്പെടാൻ തുടങ്ങിയതോടെയാണ് ഈ ഉൽപന്നങ്ങൾ പിൻവലിക്കാൻ കമ്പനി നിർബന്ധിതമായത്.
അൽമറാഇ കമ്പനിയുടെ ചില പാലുൽപന്നങ്ങൾക്കും ജ്യൂസുകൾക്കും രുചിവ്യത്യാസം അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഉപയോക്താക്കൾ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.
സംഭവത്തിൽ ഇടപെട്ട വാണിജ്യ മന്ത്രാലയം ഉപയോക്താക്കളോട് ഔദ്യോഗികമായി പരാതികൾ നൽകാൻ ആവശ്യപ്പെട്ടു. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ തമനീ ആപ്പ് വഴിയോ 19999 എന്ന നമ്പറിൽ കോൾ സെന്ററിൽ ബന്ധപ്പെട്ടോ പരാതികൾ നൽകാൻ അതോറിറ്റിയും ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. പ്രശ്‌നവുമായി ബന്ധപ്പെട്ട് തങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ അൽമറാഇ കമ്പനി ഉപയോക്താക്കളോട് നിർദേശിച്ചു.
ഇതിനു പിന്നാലെയാണ് രുചിവ്യത്യാസമുള്ളതായി ഉപയോക്താക്കൾ പരാതിപ്പെട്ട ഉൽപന്നങ്ങൾ വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് പിൻവലിക്കാൻ തങ്ങളുടെ സെയിൽസ്മാന്മാർക്ക് അൽമറാഇ കമ്പനി നിർദേശം നൽകിയത്. ഉൽപാദന തീയതിയുടെയും ബാച്ച് നമ്പറിന്റെയും അടിസ്ഥാനത്തിൽ ചില പ്രത്യേക ഉൽപന്നങ്ങൾ പിൻവലിക്കാനാണ് കമ്പനി നിർദേശം. ഉപയോക്താക്കളുടെ പരാതികളുമായി പ്രതികരിച്ച കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ നിയമോപദേശങ്ങൾക്കും ജുഡീഷ്യൽ പിന്തുണക്കും ഇ-ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

Latest News