ജിദ്ദ - അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാ നിർമാണവുമായും ബന്ധപ്പെട്ട കേസുകളിൽ പ്രതികളായ 107 പേരെ മുഹറം മാസത്തിൽ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. ഇക്കൂട്ടത്തിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് സമർപ്പിക്കുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. പ്രതിരോധ, ആരോഗ്യ, ആഭ്യന്തര, മുനിസിപ്പൽ, പാർപ്പിട, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റിലായ കൂട്ടത്തിലുണ്ട്. അഴിമതിയും അധികാര ദുർവിനിയോഗവും മറ്റും സംശയിച്ച് കഴിഞ്ഞ മാസം 260 പേരെയാണ് ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ പ്രതികളാണെന്ന് തെളിഞ്ഞ 107 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.