Sorry, you need to enable JavaScript to visit this website.

സൗദിയുമായുള്ള ബന്ധം വഷളാക്കാന്‍ വ്യാജ പ്രചാരണം; ഖത്തറിലേക്ക് വിരല്‍ ചൂണ്ടി ബഹ്‌റൈന്‍

മനാമ - സൗദി അറേബ്യയും ബഹ്‌റൈനും തമ്മിലുള്ള ഊഷ്മള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നതിന് ചിലര്‍ ഖത്തര്‍ കേന്ദ്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറില്‍നിന്ന് നിയന്ത്രിക്കുന്ന ചില വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. നീതിപീഠത്തിനു മുന്നില്‍നിന്ന് രക്ഷപ്പെട്ട ചിലരും ബഹ്‌റൈനെതിരെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
രാജ്യത്ത് കുഴപ്പങ്ങള്‍ ഇളക്കിവിടുന്നതിനും വിദ്വേഷം പ്രചരിപ്പിക്കുന്നതിനും സാമൂഹിക ഐക്യം തകര്‍ക്കുന്നതിനും വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്നതിനുമാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ പെന്‍ഷന്‍ നിയമം, പൗരത്വ നിയമം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഊന്നല്‍ നല്‍കിയാണ് ഈ അക്കൗണ്ടുകള്‍ രാജ്യവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
പൊതുവികാരത്തില്‍ സ്വാധീനം ചെലുത്തുന്നതിനും ബഹ്‌റൈന്റെ പൊതുതാല്‍പര്യങ്ങള്‍ക്ക് കോട്ടം തട്ടിക്കുന്നതിനും സൗദി-ബഹ്‌റൈന്‍ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നതിനുമാണ് ശ്രമം. 
തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അതിരുകള്‍ പാലിക്കുകയും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തുകയും വേണം. ദേശീയ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിന് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കരുത്. സാമൂഹികമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച സമൂഹത്തിന്റെ അവബോധം വര്‍ധിപ്പിക്കുന്നതിനും ഇത്തരം അപകടങ്ങളില്‍ നിന്ന് പൊതുസമൂഹത്തിന് സംരക്ഷണം നല്‍കുന്നതിനും മാധ്യമപ്രവര്‍ത്തകരും എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കടമ നിര്‍വഹിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
 

Latest News