കളമശേരി- ഇടപ്പള്ളിയിലെ വ്യാപാരകേന്ദ്രത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ഓണക്കുന്ന് കരുവള്ളൂർ മുല്ലേഴിപ്പാറ വീട്ടിൽ എം.എ അഭിമന്യു(23)വാണ് പിടിയിലായത്. പർദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയിൽ പ്രവേശിച്ച ശേഷം ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. കൊച്ചിയിലെ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഭിമന്യു ബി.ടെക് റോബോട്ടിക്‌സ് എൻജിനീയറിംഗിൽ റാങ്കോടെ വിജയിച്ചയാളാണ്.
തന്റെ കയ്യിലെ മൊബൈൽ ഫോൺ ശുചിമുറിയിലെ കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച ശേഷം ക്യാമറയുടെ ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കി ഇയാൾ പുറത്തിറങ്ങുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.