കൊച്ചി-സാധനങ്ങള്‍ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ സപ്ലൈകോയോട് വിശദീകരണം തേടി ഹൈക്കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
കോഴിക്കോട് പാളയം ഔട്ട്ലെറ്റ് മാനേജര്‍ കെ. നിധിനെയാണ് വിഷയവുമായി ബന്ധപ്പെട്ട് സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. സാധനങ്ങള്‍ സ്റ്റോക്ക് ഉണ്ടായിട്ടും ഇല്ലെന്ന് എഴുതിവെച്ചുവെന്നാണ് സംഭവത്തില്‍ സപ്ലൈകോ പറയുന്നത്.
ഇതിനിടെ ആരോപണത്തിനെതിരെ കെ. നിധിന്‍ രംഗത്തെത്തി. സപ്ലൈകോയുടെ സബ്സിഡി സാധനങ്ങള്‍ എല്ലാം ഉണ്ടായിരുന്നില്ല. ബോര്‍ഡില്‍ രേഖപ്പെടുത്തുന്നതില്‍ ഏതെല്ലാം കാര്യങ്ങളിലാണ് വ്യക്തത വരുത്തേണ്ടതെന്ന കാര്യത്തില്‍ മുന്‍കൂട്ടി നിര്‍ദേശങ്ങളൊന്നുമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.