പയ്യന്നൂർ- സി.പി.എം രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി ആർ.എസ്.എസ് പ്രവർത്തകനെതിരെ കൊലവിളി നടത്തിയെന്നതിന് 106 സി.പി.എം പ്രവർത്തകർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. അതേസമയം സി.പി.എമ്മിനെ അപകീർത്തിപ്പെടുത്തുന്ന പ്രകോപന പരമായ പോസ്റ്ററുകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് ആർ.എസ്.എസ് പ്രവർത്തകനെതിരെയും കേസെടുത്തിട്ടുണ്ട്.
കുന്നരുവിലെ ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ധനരാജിന്റെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കാരന്താട്ട് പ്രകടനം നടത്തിയ സി.പി.എമ്മുകാർക്കെതിരെയാണ് കേസ്. പി. സിബിൻ കരിവെള്ളൂർ, ജിതിൻ കക്കംപാറ, പ്രിയേഷ് കുരിശുംമൂട്, സത്യൻ കാരന്താട്, സജിൻ ഭരതൻ കുരിശുംമൂട്, നാസർ കക്കംപാറ എന്നിവർക്കും മറ്റ് കണ്ടാലറിയാവുന്ന നൂറു പേർക്കുമെതിരെയാണ് കേസ്.
ആലക്കാട്ടെ ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകനായ കെ.എം. ബിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. ബിജുവിനെ വധിക്കുമെന്നതരത്തിൽ ഭീഷണി മുദ്രാവാക്യം വിളിച്ചുവെന്നാണ് പരാതി. അതേ സമയം സിബിന്റെ പരാതിയിൽ ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 15 മുതൽ പല ദിവസങ്ങളിലായി സമൂഹ മാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടുവെന്നതിനാണ് പരാതി.