കൽപറ്റ-കഞ്ചാവ്-മയക്കുമരുന്ന് കേസിൽ യുവാവിന് രണ്ടര വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുവള്ളി കരുവാംപൊയിൽ ആലിപ്പറമ്പത്ത് അർഷാദിനെയാണ്(28) എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ജഡ്ജി എസ്.കെ.അനിൽകുമാർ ശിക്ഷിച്ചത്. അര കിലോഗ്രാം കഞ്ചാവും മയക്കുമരുന്നായി ദുരുപയോഗം ചെയ്യാവുന്ന 60 ഗുളികളുമായി മുത്തങ്ങ ചെക്‌പോസ്റ്റ് പരിസരത്തുനിന്ന് 2017ൽ എക്‌സൈസ് ഉദ്യോഗസ്ഥരാണ് അർഷാദിനെ അറസ്റ്റുചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.യു.സുരേഷ്‌കുമാർ ഹാജരായി.