Sorry, you need to enable JavaScript to visit this website.

മറുനാടൻ മലയാളികളുടെ ഓണക്കാലം

ഓണക്കാലത്ത് കേരളത്തിന് അനുവദിച്ച ഏക സ്‌പെഷ്യൽ ട്രെയിൻ നാഗർകോവിൽ-പൻവേൽ റൂട്ടിലെ തീവണ്ടി മാത്രമാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ കഴിയുന്ന മലയാളികൾക്ക് ഓണസദ്യയുണ്ണാൻ കേരളത്തിലെത്താമെന്നത് സ്വപ്‌നമായി അവശേഷിക്കുന്നു.

 

ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ട്. ഗൾഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ മലയാളി സാന്നിധ്യം ഇന്ത്യയിലെ വിവിധ നഗരങ്ങളിലുമുണ്ട്. മുംബൈ, ദൽഹി, ബംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, പുനെ  തുടങ്ങിയ പ്രധാന നഗരങ്ങൾക്ക് പുറമെ ദൽഹിക്കടുത്തുള്ള ഗുരുഗ്രാമിലും നോയിഡയിലും ഗാസിയാബാദിലും ചണ്ഡീഗഢിലും മറ്റും ആയിരക്കണക്കിന് കേരളീയർ കഴിഞ്ഞു വരുന്നു. ഏകദേശം കാൽ നൂറ്റാണ്ട് മുമ്പ് അന്നത്തെ മഹാരാഷ്ട്ര ഗവർണർ പി.സി. അലക്‌സാണ്ടർ പറഞ്ഞത് കേരള തലസ്ഥാനത്തിലേതിന്റെ നാലിരട്ടി വരും മുംബൈ മഹാനഗരത്തിലെ മലയാളികളുടെ ജനസംഖ്യയെന്നാണ്. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹമിത് പറഞ്ഞത്. ചുറ്റും നിൽക്കുന്ന മറാത്തി ഭാഷ സംസാരിക്കുന്ന സ്റ്റാഫിനെ കണക്കിലെടുത്ത് അതേവരെ ഇംഗ്ലീഷിൽ സംസാരിച്ച അദ്ദേഹം സ്ഥിതി വിവരക്കണക്ക് പറഞ്ഞത് മലയാളത്തിലായിരുന്നു.  ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ  വ്യാവസായിക നഗരങ്ങളിലും ധാരാളം മലയാളികളുണ്ട്. ഇതിനും പുറമേയാണ് ഇന്ത്യൻ നഗരങ്ങളിലെ വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രശസ്ത സർവകലാശാലകളിലെയും  മലയാളി വിദ്യാർഥികൾ. ദൽഹി,  ഭോപാൽ എയിംസുകളിലും പ്രധാന ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും കേരളത്തിൽ നിന്നുള്ള വിദ്യാർഥികളെത്തുന്നു. വീട്ടിന്റെ തൊട്ടടുത്ത കോേളജിൽ ചെന്ന് മക്കൾ ഡിഗ്രിക്ക് പഠിക്കട്ടെയെന്ന പഴയകാല കാഴ്ചപ്പാട്  മാറി. പ്ലസ് ടു മുതൽ കുട്ടികളെ മെട്രോ നഗരങ്ങളിൽ പഠിക്കാനയക്കുന്ന ശീലം വർധിച്ചു വരികയാണ്. മലയാളമല്ലാത്ത ഭാഷകളും നഗര ജീവിതവും കുട്ടികൾ പഠിക്കട്ടെയെന്നതാണ് പൊതുവേയുള്ള മനോഭാവം. കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷ നാളുകളാണ് വരാനിരിക്കുന്നത്. തിരുവോണത്തിന് നാട്ടിലെത്തുകയെന്നത് എല്ലാവരുടെയും അഭിലാഷമാണ്. വർഷം മുഴുവൻ ഇതിനായി കാത്തിരിക്കുന്നവരാണ് മറുനാടൻ മലയാളികളിൽ വലിയ പങ്കും. ഇപ്പോഴത്തെ കലുഷിതമായ സാഹചര്യത്തിൽ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഓണം  പോലുള്ളവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാൽ മറുനാടൻ മലയാളികൾ വിചാരിച്ചാലും നാട്ടിലെത്താനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആയിരവും രണ്ടായിരവും കിലോ മീറ്റർ താണ്ടി നാട്ടിലെത്തുകയെന്നത് ചിന്തിക്കാനാവാത്ത സ്ഥിതി. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് ഓണക്കാലത്തേക്ക് യാത്ര ചെയ്യാൻ ട്രെയിനിൽ സീറ്റ് ലഭിക്കില്ലെന്ന വാർത്ത മലയാള  പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയത് ജൂണിലാണ്. അപ്പോൾ തന്നെ റിസർവേഷൻ വെയിറ്റിംഗ് ലിസ്റ്റിലായെന്ന് ചുരുക്കം. ചെന്നൈയെ നിത്യേന കേരളവുമായി ബന്ധപ്പെടുത്തുന്ന അര ഡസനിലേറെ ട്രെയിനുകളുണ്ടായിട്ട് ഇതാണ് അവസ്ഥ. ബംഗളൂരു, മുംബൈ, ദൽഹി നഗരങ്ങളിൽ നിന്നുള്ള കാര്യം പറയാനുമില്ല. ബംഗളൂരുവിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് ധാരാളം സ്വകാര്യ  ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയുടെ യാത്രാ നിരക്കിന് ഒരു സ്ഥിരതയുമില്ലെന്നതാണ് പ്രത്യേകത. ഇപ്പോൾ തന്നെ വീക്കെൻഡിൽ 2500 രൂപയാണ് പലതിലും നിരക്ക്. ഓണത്തോടടുത്ത ദിവസങ്ങളിൽ അയ്യായിരവും പതിനായിരവും വാങ്ങാൻ ഒട്ടും മടി കാട്ടാത്തവരാണ് സ്വകാര്യ ടൂർ ഓപറേറ്റർമാർ.  ട്രെയിനിൽ അഞ്ഞൂറിൽ താഴെ രൂപ ചെലവ് വരുന്ന യാത്രക്കാണ് ഈ പകൽക്കൊള്ള. കേരളത്തിന്റെ സ്വിഫ്റ്റ് ബസുകളിൽ പോലും ആയിരത്തിൽ താഴെ മുടക്കി ഇതേ ദൂരം യാത്ര ചെയ്യാനാവും. 
യശ്വന്ത്പുരയിൽ നിന്ന് കണ്ണൂർ റൂട്ടിൽ ട്രെയിനിൽ അടുത്ത മാസം പാതി വരെ സ്ലീപ്പർ ക്ലാസിൽ വെയ്റ്റിംഗ് ലിസ്റ്റാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഓണം, ക്രിസ്മസ്, മധ്യവേനലവധി എന്നീ സീസണുകളിൽ കേരളത്തിലേക്ക് തിരക്കേറുകയെന്നത് പുതിയ കാര്യമല്ല. രണ്ടു പതിറ്റാണ്ടുകൾക്കപ്പുറവും സാധാരണയിൽ കവിഞ്ഞ തിരക്ക് ആഘോഷ വേളകളിലും അവധിക്കാലത്തും അനുഭവപ്പെട്ടിരുന്നു. ട്രെയിനിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം ഇന്നത്തെ അത്രക്ക് വരില്ലെങ്കിലും രണ്ടു മാസക്കാലം സ്‌പെഷ്യൽ ട്രെയിൻ ഓടിക്കുന്ന പതിവ് കഴിഞ്ഞ നൂറ്റാണ്ടിലേ ഉണ്ടായിരുന്നു. കേരളത്തിനാകെ ഉപകാരപ്പെടാൻ പാകത്തിൽ തിരുവനന്തപുരം-മംഗലാപരും, ചെന്നൈ-മംഗലാപുരം റൂട്ടുകളിലാണ് പ്രത്യേക തീവണ്ടികൾ ഓടിച്ചിരുന്നത്. നമ്പർ വൺ മദ്രാസ് മെയിലിന്റെയും മലബാർ എക്‌സ്പ്രസിന്റെയും സ്റ്റോപ്പുകൾ അനുവദിച്ചുള്ള ഈ ട്രെയിനുകൾ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് നടത്തിയിരുന്നത്. അന്ന് കേരളത്തിന് ദൽഹിയിൽ സ്വാധീനം ചെലുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ലെയ്‌സൺ ഓഫീസറൊന്നുമുണ്ടായിരുന്നില്ല. 
കേരളത്തിന് ഇത്തവണ ഓണക്കാലത്ത് ആകെ ലഭിച്ചത് മുംബൈ നഗര പ്രാന്തത്തിലെ പൻവേലിൽ നിന്ന് തമിഴ്‌നാട്ടിലെ നാഗർകോവിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ സർവീസാണ്. ഇതാകെ മൂന്ന് പ്രാവശ്യം സർവീസ് നടത്തും. അതായത് മുംബൈ മഹാനഗരത്തിൽ തമാസിക്കുന്ന മലയാളി കുടുംബം കഷ്ടപ്പെട്ട് ഒരു മണിക്കൂറിലേറെ യാത്ര ചെയ്ത്  അകലെ പൻവേലിലെത്തി യാത്ര ചെയ്യുക. ഇതിൽ പതിനഞ്ച് കംപാർട്ട്‌മെന്റുകളുണ്ടാവുമെന്ന് കരുതുക. പരമാവധി ഒരു ട്രെയിനിൽ 1500-2000 പേർക്കാണ് യാത്ര ചെയ്യാനാവുക. അതായത് ഓണക്കാലത്ത് മൂന്ന് തവണ സർവീസ് നടത്തുന്ന ട്രെയിനിൽ ഏറിയാൽ ആറായിരം മലയാളികൾ പൻവേലിൽ നിന്ന് വണ്ടി കയറി കേരളത്തിലെത്തും. പൻവേൽ-നാഗർകോവിൽ സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 22 നാണ്  ആദ്യ സർവീസ് നടത്തുക. നാഗർകോവിൽ നിന്ന് പൻവേലിലേയ്ക്കാണ് ആദ്യ സർവീസ്. 24 ന് പൻവേലിൽ നിന്ന് നാഗർകോവിലേയ്ക്ക് എത്തും. സെപ്റ്റംബർ ഏഴ് വരെ കേരളത്തിലേക്കും, തിരിച്ചും മൂന്ന് സർവീസുകളാണ് ആകെ നടത്തുക. ലക്ഷക്കണക്കിന് മറുനാടൻ മലയാളികളെ പരിഹസിക്കുന്നതാണ് ഈ തീരുമാനം. ബംഗളൂരു, ചെന്നൈ, ദൽഹി മലയാളികൾക്കൊന്നും ഓണത്തിന് നാട്ടിൽ വരേണ്ടതില്ലേ? 
എന്നാൽ പണ്ടു കാലത്ത് ഓടിയ സ്‌പെഷ്യൽ ട്രെയിനുകൾക്കൊന്നും ലഭിക്കാത്ത പ്രചാരണമാണ് മൂന്നു ദിവസം മാത്രം സർവീസ് നടത്തുന്ന ഈ ട്രെയിനിന് ലഭിച്ചത്. ഉത്സവകാലത്തെ തിരക്കിന് പരിഹാരമായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക സർവീസ് നടത്തണമെന്ന് സർക്കാരിനെ പ്രതിനിധീകരിച്ച് കെ.വി. തോമസ് കേന്ദ്ര റെയിൽ മന്ത്രിക്ക് കത്ത് നൽകിയിരുന്നു പോലും. അതിന്  പിന്നാലെയാണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചതെന്നാണ് വാർത്തകളിൽ കണ്ടത്. 
ഓണക്കാലം വരുന്നതിന് മുമ്പു തന്നെ കേരളത്തിലോടുന്ന ട്രെയിനുകളിൽ അഭൂതപൂർവമായ തിരക്കാണ്. 
സ്വകാര്യ ബസുകളെയും കെ.എസ്.ആർ.ടിസിയെയും അപേക്ഷിച്ച് നിരക്ക് കുറവാണെന്നതും റണ്ണിംഗ് ടൈം കുറച്ചു മതിയെന്നതും യാത്രക്കാരെ ട്രെയിനുകളിലേക്ക് ആകർഷിക്കുന്നു.  കോഴിക്കോട്-കോട്ടയം കെ.എസ്.ആർ.ടിസി ഫാസ്റ്റ് ബസിന് 350 രൂപയാണ് നിരക്ക്. ജനശതാബ്ദി ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ 150 രൂപ മതി. ബസ് ഏഴ് മണിക്കൂറെടുക്കുമ്പോൾ സ്‌റ്റോപ്പ് കുറവായ ട്രെയിൻ നാല് മണിക്കൂറെടുത്ത് യാത്ര പൂർത്തിയാക്കുന്നു.  ഇക്കാരണത്താൽ തന്നെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും തീവണ്ടി യാത്രക്ക് ആവശ്യക്കാരേറി. മുമ്പൊക്കെ ആഘോഷ വേളകളിലും സ്‌കൂൾ-കോളേജ് അവധിക്കാലത്തും അനുഭവപ്പെട്ടിരുന്ന തിരക്ക് ഇപ്പോൾ എല്ലാ ദിവസങ്ങളിലുമായി. 
 കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ നമുക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ വേണമെന്ന് വാദിക്കാൻ കെൽപുള്ള എം.പിമാർ ഏറെയില്ല.  ബംഗളൂരു മലയാളികളുടെ യാത്രാ പ്രശ്‌നം പരിഗണിക്കപ്പെട്ടിട്ടേയില്ലെന്നത് പ്രതിഷേധാർഹമാണ്. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ സ്വാധീനം കൊണ്ട് ബംഗളൂരു-ആലപ്പുഴ റൂട്ടിൽ കർണാടക കെ.എസ്.ആർ.ടി.സി ഓണക്കാലത്ത് രണ്ട് അഡീഷണൽ ബസ് അനുവദിച്ചുവെന്നത് വലിയ നേട്ടമായാണ് അവകാശപ്പെട്ടത്. ഈ സീസണിലെ ബിസിനസ് തിരിച്ചറിഞ്ഞ കൂട്ടരാണ് കർണാടക കെ.എസ്.ആർ.ടിസി കേരളത്തിലേക്ക് 32 സർവീസുകളാണ് കർണാടക പ്രഖ്യാപിച്ചത്. ഈ സർവീസുകളിൽ അമ്പത് ശതമാനം കൂട്ടിയാണ് ടിക്കറ്റ് നിരക്ക്. യാത്രാ സംവിധാനത്തിന്റെ അപര്യാപ്തതയിൽ നാട്ടിലെത്തി ഓണ സദ്യയുണ്ണാനാവാത്ത ഗതികേടിലാണ് വിവിധ ഇന്ത്യൻ നഗരങ്ങളിൽ കഴിയുന്ന മറുനാടൻ മലയാളികൾ. 

Latest News