Sorry, you need to enable JavaScript to visit this website.

സൗദിയിൽ ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു

ജിദ്ദ - സൗദിയിൽ ആരോഗ്യ മേഖലാ ഗവേഷണങ്ങൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസേർച്ച് എന്ന പേരിൽ ദേശീയ കേന്ദ്രം സ്ഥാപിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇൻഷുറൻസ് മേഖലക്ക് പ്രത്യേക അതോറിറ്റി സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഊർജ മേഖലാ സഹകരണത്തിന് അർജന്റീനയുമായി ധാരണാപത്രം ഒപ്പുവെക്കാൻ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ പരസ്പര സഹകരണത്തിന് സൗദി ദേശീയ സുരക്ഷാ ഏജൻസിയും ബഹ്‌റൈനിലെ സ്ട്രാറ്റജിക് സെക്യൂരിറ്റി ഏജൻസിയും ഒപ്പുവെച്ച കരാർ മന്ത്രിസഭ അംഗീകരിച്ചു.
വിഷൻ 2030 പദ്ധതിക്കനുസൃതമായി ലോക രാജ്യങ്ങളുമായി സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നതായി മന്ത്രിസഭാ യോഗം പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലാ പ്രതിനിധികൾ അടങ്ങിയ സൗദി സംഘം ഏതാനും ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഒരുകൂട്ടം ധാരണാപത്രങ്ങൾ ഒപ്പുവെച്ചത് പ്രശംസനീയമാണ്. ചെങ്കടലിൽ അൽഹുദൈദ തുറമുഖത്തിനു സമീപം ജീർണാവസ്ഥയിലുള്ള സാഫിർ എണ്ണ ടാങ്കറിലെ എണ്ണ മറ്റൊരു കപ്പലിലേക്ക് മാറ്റുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ യു.എന്നും സഖ്യസേനയും നടത്തിയ ശ്രമങ്ങളെ വിലമതിക്കുന്നതായും മന്ത്രിസഭാ യോഗം പറഞ്ഞു.

Latest News