Sorry, you need to enable JavaScript to visit this website.

ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല; അവകാശികൾ ഇവർ മാത്രം!

തിരുവനന്തപുരം - സംസ്ഥാനത്ത് ഇത്തവണ ഓണക്കിറ്റ് എല്ലാ വിഭാഗം കാർഡുകാർക്കും ലഭിക്കില്ല. മഞ്ഞക്കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും ഇത്തവണ കിറ്റ് ലഭിക്കുക. ഒപ്പം അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും അടക്കം 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 
 തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. ഓണക്കിറ്റിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് സർക്കാർ അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 20,000 കിറ്റുകളാണ് നല്കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റുകളുടെ വിതരണം നടക്കുക.
 മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും സർക്കാർ ഓണക്കിറ്റ് നൽകിയിരുന്നു. എന്നാൽ, ഇത്തവണ കടുത്ത സാമ്പത്തിക പ്രയാസത്താൽ സർക്കാർ അത്തരമൊരു തീരുമാനത്തിന് തയ്യാറായിട്ടില്ല. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെങ്കിലും എല്ലാ വിഭാഗം കാർഡുകാരെയും കേരളത്തിന്റെ ദേശീയ ഉത്സവത്തിൽ കിറ്റ് നൽകി സർക്കാർ വിരുന്നൂട്ടുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. ആ പ്രതീക്ഷ ഇല്ലാതാകുന്നത് മിക്ക കുടുംബങ്ങളിലും വലിയ സാമ്പത്തിക പ്രയാസങ്ങളാണുണ്ടാക്കുക.
 നിത്യോപയോഗ വസ്തുക്കൾക്കെല്ലാം വൻ വില ഉയർന്നതോടെ സർക്കാറും തങ്ങളെ കൈവിട്ടുവെന്ന പ്രതീതിയാണ് ജനങ്ങളിൽനിന്ന് ഉയരുന്നത്. റേഷൻ കടകളിൽ എത്തുന്ന എല്ലാ കാർഡുകാരെയും തൃപ്തിപ്പെടുത്തി മടക്കിവിടാൻ സാധിക്കാത്ത സ്ഥിതി പല റേഷൻ ഉടമകളെയും നിസ്സഹായരാക്കുന്നുണ്ട്.
 

Latest News