റിയാദ്- സൗദി അറേബ്യയിൽ വർക്ക് പെർമിറ്റ് ഇല്ലാതെയും അജീർ പ്രോഗ്രാമിനെ അറിയിക്കാതെയും ജോലി ചെയ്യുന്ന പ്രവാസികൾക്ക് 5,000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി മാനവ വിഭവശേഷി വികസന സാമൂഹിക മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകളും ശിക്ഷകളും കർശനമാക്കിയതിന്റെ ഭാഗമാണിത്.
ഔദ്യോഗിക ആരോഗ്യ സുരക്ഷാ നിയമങ്ങൾ പാലിച്ചില്ലെങ്കിലും തൊഴിലാളികളെ സംരക്ഷിക്കാൻ ശരിയായ നടപടികൾ കൈക്കൊണ്ടില്ലെങ്കിലും 1,500 റിയാൽ മുതൽ 5,000 വരെയാണ് പിഴ. ചൈൽഡ് കെയറോ ഡേകെയറോ നൽകാത്ത 50 തൊഴിലാളികളുള്ള കമ്പനികളുടെ തൊഴിലുടമകൾക്ക് 5,000 റിയാൽ വരെയാണ് പിഴ.15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്കെടുത്താൽ 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ഈടാക്കും.
പ്രസവശേഷം ആദ്യത്തെ ആറാഴ്ചയിൽ സ്ത്രീകൾക്ക് ജോലി നൽകിയാൽ 1000 റിയാലാണ്പിഴ. ജീവനക്കാരന്റെ പാസ്‌പോർട്ടോ താമസാനുമതിയോ തടഞ്ഞുവെച്ചാൽ 1,000 റിയാൽ പിഴ ഈടാക്കും.