റിയാദ് - ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളിൽ ഒരാളായ നെയ്മാർ സൗദിയിലും ഏഷ്യയിലും ഏറ്റവും കൂടുതൽ കിരീട നേട്ടങ്ങൾ സ്വന്തമാക്കിയ അൽ ഹിലാൽ ക്ലബ്ബുമായുള്ള കരാർ ഒപ്പിട്ടു. നെയ്മാറും ക്ലബ്ബുമായി കരാർ ഒപ്പിടുന്നതിന്റെ ദൃശ്യങ്ങൾ ക്ലബ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രശസ്തമായ നീലയും വെള്ളയും ജഴ്‌സിയിൽ നെയ്മർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. നെയ്മാർ-ഹിലാലി എന്ന ടാഗ് ലൈനോടെയാണ് ചിത്രം പങ്കുവെച്ചത്.
അതേസമയം, നെയ്മാർ ഹിലാലിൽ ചേർന്നതോടെ ക്ലബിന്റെ നെയ്മറിന്റെ പേര് എഴുതിയ ജഴ്‌സി വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ലബിന്റെ സ്റ്റോറിലേക്ക് നെയ്മാറിന്റെ ജഴ്‌സി വാങ്ങാൻ ആരാധകരുടെ തള്ളിക്കയറ്റമുണ്ടായി. പത്താം നമ്പറിലാണ് നെയ്മാറിന്റെ ജഴ്‌സി തയ്യാറാക്കിയിരിക്കുന്നത്.
യൂറോപ്യൻ ഫുട്ബോളിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയെന്നും ഒരുപാട് മധുരമുഹൂർത്തങ്ങൾ ആസ്വദിച്ചുവെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും അൽഹിലാലിൽ ചേർന്ന ശേഷം നെയ്മാർ പറഞ്ഞിരുന്നു. പുതിയ സാഹചര്യങ്ങളിൽ പുതിയ വെല്ലുവിളികളാണ് എന്നെ ത്രസിപ്പിക്കുന്നത്. പുതിയ ചരിത്രമെഴുതാനാണ് ആഗ്രഹം. സൗദി പ്രൊ ലീഗ് ഇപ്പോൾ മികച്ച കളിക്കാരുള്ള ഉന്നത നിലവാരമുള്ള ലീഗാണ് -നെയ്മാർ പറഞ്ഞു.
17.5 കോടി ഡോളറിന്റെ രണ്ടു വർഷത്തെ ഓഫർ പി.എസ്.ജി സ്വീകരിച്ചതോടെയാണ് കരാർ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങിയത്. ബ്രസീൽ താരത്തിന് മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോവണമെന്ന് താൽപര്യമുണ്ടായിരുന്നു. എന്നാൽ ഹിലാലിന്റെ ഓഫർ അവഗണിക്കാനാവാത്തതായിരുന്നു. ലിയണൽ മെസ്സിയെയോ കീലിയൻ എംബാപ്പെയെയോ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ട അൽഹിലാലിന് നെയ്മാറിന്റെ വരവ് ആശ്വാസമായി.
അൽഇത്തിഹാദ്, അൽഅഹ്ലി, അൽഹിലാൽ, അന്നസർ ക്ലബ്ബുകളെ ഈയിടെ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിൽ കൊണ്ടുവന്നിരുന്നു. ഫലത്തിൽ ഈ ക്ലബ്ബുകൾ രാജ്യത്തിന്റെ സ്വത്തായി മാറി. അതോടെയാണ് ടീം ശക്തിപ്പെടുത്താനുള്ള ഊർജിത ശ്രമം തുടങ്ങിയത്. പ്രമുഖ കളിക്കാരെയും കോച്ചുമാരെയും കൊണ്ടുവരാൻ 50 കോടി ഡോളർ ഈ സീസണിനു മുമ്പ് സൗദി ക്ലബ്ബുകൾ ചെലവിട്ടു. വെള്ളിയാഴ്ചയാണ് പുതിയ സീസൺ ആരംഭിച്ചത്. കഴിഞ്ഞ ലോകകപ്പിനു ശേഷം ക്രിസ്റ്റ്യാനൊ റൊണാൾഡൊ അന്നസ്റിൽ ചേർന്നതോടെയാണ് സൗദി ലീഗിലേക്ക് മുൻനിര കളിക്കാരുടെ ഒഴുക്കാരംഭിച്ചത്. കരീം ബെൻസീമ, റിയാദ് മഹ്റേസ്, എൻഗോളൊ കാണ്ടെ, എഡ്വേഡ് മെൻഡി, റോബർടൊ ഫിർമിനൊ തുടങ്ങി നിരവധി പ്രമുഖ കളിക്കാർ ഈ സീസണിൽ സൗദി ലീഗിൽ വിവിധ ടീമുകൾക്കു വേണ്ടി ഇറങ്ങും.