ജിദ്ദ - സൗദി ഫുട്‌ബോളിന് ഭരണാധികാരികൾ നൽകുന്ന മികച്ച പിന്തുണ വേഗത്തിൽ ഫലം നൽകുന്നു. റോഷൻ സൗദി പ്രൊഫഷനൽ ലീഗിന്റെ ടെലിവിഷൻ സംപ്രേക്ഷണാവകാശം വാങ്ങാൻ നിരവധി അന്താരാഷ്ട്ര ചാനലുകൾ മത്സരബുദ്ധിയോടെ രംഗത്തു വരാൻ തുടങ്ങി. സ്‌പോർട്‌സ് ചാനലായ ഡാസൻ, ഇറ്റാലിയൻ ചാനലായ ലാ 7, ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയായ ഐ.എം.ജി, പോർച്ചുഗലിലെ സ്‌പോർട്‌സ് ടി.വി, അമേരിക്കയിലെ ഫോക്‌സ് സ്‌പോർട്‌സ്, ഫ്രാൻസിലെ കനാൽ പ്ലസ്, ഗ്രീസിലെ കോസ്‌മോട്ട് ചാനൽ, ബ്രിട്ടനിൽ സ്ട്രീമിംഗ് സംപ്രേക്ഷണത്തിനുള്ള ഡാസൻ പ്ലാറ്റ്‌ഫോം, ഫ്രാൻസിലെ ആർ.എം.സി ചാനൽ അടക്കമുള്ള ലോകത്തെ മുൻനിര ചാനലുകൾ റോഷൻ സൗദി പ്രൊഫഷനൽ ലീഗിന്റെ ടെലിവിഷൻ സംപ്രേക്ഷണാവകാശം വാങ്ങാൻ മുന്നോട്ടുവന്നിട്ടുണ്ട്.
ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങൾ അന്താരാഷ്ട്ര ലീഗുകളുടെ ശക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട സൂചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. ലോക ഫുട്‌ബോളിലെ മുൻനിര താരങ്ങൾ സൗദി ക്ലബ്ബുകൾക്കു വേണ്ടി കളിക്കുന്നതിനാൽ സൗദി ലീഗ് ഈ വർഷം ഏറ്റവും ശക്തമായ അന്താരാഷ്ട്ര ലീഗുകളിലൊന്നായി മാറിയിരിക്കുന്നു. ഗോൾഡൻ ബോൾ നേടിയ കരീം ബെൻസിമ, ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള ലോക താരങ്ങൾ സൗദി ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട്. ഏറ്റവുമൊടുവിൽ ബ്രസീലിയൻ ഇതിഹാസം നെയ്മർ അൽഹിലാൽ ക്ലബ്ബിനു വേണ്ടി രണ്ടു സീസണുകളിൽ കളിക്കുമെന്ന വാർത്തയും പുറത്തുവന്നിരിക്കുന്നു.
ഈ പേരുകൾ തീർച്ചയായും സൗദി ലീഗിന്റെ വിപണി മൂല്യം ഉയർത്തി. ഫുട്‌ബോളിലെ പുരാതന രാജ്യങ്ങളായ ഫ്രാൻസ്, പോർച്ചുഗൽ, ജർമ്മനി, റുമാനിയ, ദക്ഷിണ കൊറിയ അടക്കമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള മികച്ച സ്‌പോർട്‌സ് ചാനലുകളെയും ബ്രോഡ്കാസ്റ്റിംഗ് കമ്പനികളെയും സൗദി ലീഗ് ആകർഷിച്ചു. ഇത് വലിയ നേട്ടങ്ങൾ നൽകും. ഇത്തവണ 130 ലേറെ പ്രദേശങ്ങളിൽ സൗദി ലീഗ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശ കരാറുകൾ ഒപ്പുവെക്കുമെന്ന് അമേരിക്കൻ ന്യൂസ് ഏജൻസിയായ ബ്ലൂംബെർഗ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇതിലൂടെ മുൻ സീസണിനെ അപേക്ഷിച്ച് ഇത്തവണ സൗദി ലീഗ് സീസണിലെ വരുമാനം നാലിരട്ടി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം അഞ്ചു ലക്ഷം ഡോളറിനാണ് വ്യത്യസ്ത മേഖലകളിൽ റോഷൻ സൗദി ലീഗ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം സ്‌പോർട്‌സ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയായ ഡാസൻ നേടിയത്.
ശക്തമായ തന്ത്രത്തിന്റെയും സ്വകാര്യവൽക്കരണ നയത്തിന്റെയും ഭാഗമായി ഈ മാസാദ്യമാണ് റോഷൻ ലീഗ് ആരംഭിച്ചത്. പ്രൊഫഷനൽ ലീഗിലെ ഏറ്റവും വലിയ നാലു ക്ലബ്ബുകളായ അൽഹിലാൽ, അന്നസ്ർ, അൽഇത്തിഹാദ്, അൽഅഹ്‌ലി എന്നിവയിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് ഭൂരിഭാഗ ഓഹരി പങ്കാളിത്തമുണ്ട്. ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ അൽഖാദിസിയ ക്ലബ്ബ് സ്വന്തമാക്കി. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തന്ത്രങ്ങൾക്കനുസൃതമായ കാഴ്ചപ്പാടുകൾക്കനുസരിച്ച് ഈ ക്ലബ്ബുകളുടെ തന്ത്രങ്ങൾ പുനഃസംഘടിപ്പിച്ചു.
ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിര വളർച്ച കൈവരിക്കുകയും ആഗോള തലത്തിൽ മത്സര ശേഷിയും സാന്നിധ്യവും വർധിപ്പിക്കുകയും ലോകത്തിലെ ഏറ്റവും ശക്തമായ 10 ലീഗുകളിൽ ഒന്നിൽ ഇടം പിടിക്കുകയും ചെയ്യുന്ന നിലക്ക് സൗദി പ്രൊഫഷനൽ ലീഗ് പരിവർത്തന തന്ത്രം സൗദി പ്രോ ലീഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്ലബ്ബുകളുടെ ഭരണപരമായ പ്രവർത്തനങ്ങൾ വികസിപ്പിക്കുക, ലോകത്തെ മികച്ച കളിക്കാരെ ആകർഷിക്കാനുള്ള പ്രോഗ്രാം, സൗദി ഫുട്‌ബോൾ അസോസിയേഷനുമായി ഏകോപനം നടത്തി സൗദി ലീഗിൽ പങ്കെടുക്കുന്ന സൗദി കളിക്കാരുടെ പ്രായം ക്രമീകരിക്കൽ എന്നീ മൂന്നു പ്രധാന ട്രാക്കുകളിലൂടെ നിരവധി വികസന പരിപാടികൾ തന്ത്രത്തിൽ ഉൾപ്പെടുന്നു.
സൗദി പ്രൊഫഷനൽ ലീഗിന്റെ വാണിജ്യ മൂല്യം ഉയർത്തുക, മത്സര ശേഷി വർധിപ്പിക്കുക, നിക്ഷേപകരെ ആകർഷിക്കുക, ഏറ്റവും പ്രമുഖരായ അന്താരാഷ്ട്ര താരങ്ങളുമായുള്ള സമ്പർക്കത്തിലൂടെ സൗദി യുവതാരങ്ങളുടെ നിലവാരം ഉയർത്തുക, മികച്ച തലമുറയെ വാർത്തെടുക്കുക എന്നിവ ലോകത്തെ മികച്ച കളിക്കാരെ ആകർഷിക്കാനുള്ള പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നു.