Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ 76 അഭിമാന വർഷങ്ങൾ 

പൊതുബോധ മൂല്യങ്ങൾ ഭീതിദമാംവണ്ണം മാറുന്നു. ആഭ്യന്തരമായി ഒരു അപരനെ സൃഷ്ടിക്കുന്നതോടു കൂടി ഫാസിസത്തിന്റെ പ്രോദ്ഘാടനം കുറിച്ചുവെന്ന് മനസ്സിലാക്കണം; രാജ്യം ശൈഥില്യത്തിന്റെ പാത തെരഞ്ഞെടുത്തുവെന്നും. എന്നാലിത്, മുൻകാല അനുഭവങ്ങൾ വ്യക്തമാക്കിത്തരും പോലെ, അസ്ഥിരവും അരാജകത്വവും നിറഞ്ഞ സംഘർഷ ഭൂമി മാത്രമേ ബാക്കിയാക്കൂ. ത്യാഗോജ്വല പോരാട്ടങ്ങളിലൂടെ കോളനി ശക്തികളിൽനിന്ന് രാജ്യം തിരിച്ചുപിടിച്ച മഹാനുഭാവർ അവശേഷിപ്പിച്ച ശാദ്വല തീരം മുന്നിലുള്ളപ്പോൾ വെറുപ്പിന്റെ നരകാവസ്ഥ മോഹിച്ച് നാം എന്തിനു വൃഥാ കാലം കളയുന്നു?    

 

ഇൻക്രഡിബിൽ ഇന്ത്യ അഥവാ 'അവിശ്വസനീയ ഇന്ത്യ' എന്ന ഒരു പ്രയോഗം നാം ഇന്ത്യക്കാർ തന്നെ താലോലിക്കുന്ന ഒന്നാണല്ലോ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക അമേരിക്കൻ സന്ദർശന വേളയിൽ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇന്ത്യയെ വിശേഷിപ്പിച്ചത്, ജനാധിപത്യവും മതേതരത്വവും നാനാത്വവും ഇന്ത്യയുടെ ഡി.എൻ.എയുടെ സവിശേഷതകളാണെന്നാണ്. ലോകാത്ഭുതമായി ഇന്ത്യ ഇനിയും ഏറെക്കാലം നിലനിൽക്കുക തന്നെ ചെയ്യും. അശുഭ ചിന്തകരായ രാഷ്ട്രമീമാംസകരുടെ ഇന്ത്യയെക്കുറിച്ച വ്യാഖ്യാനങ്ങൾ ഫലശൂന്യമായി തുടരുകയാണ് എഴുപത്താറ് വർഷങ്ങൾക്ക് ശേഷവും. 

പൗരസമൂഹമാണ് ഇന്ത്യയുടെ സവിശേഷ ശക്തി. വൈവിധ്യങ്ങൾ മറന്നൊരു രാഷ്ട്ര സങ്കൽപം നമുക്ക് അനഭിലഷണീയമാണെന്നാണ് അവർ പറയുന്നത്. ഏകശിലാ രൂപിയായ ഒരിന്ത്യ അപൂർണവും അചിന്ത്യവും അബദ്ധജഢിലവുമാണ്. ചില ദുശ്ശക്തികളുടെ അശ്രാന്തപരിശ്രമം മൂലം ജനാധിപത്യ സങ്കൽപങ്ങൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട് എന്നത് വിസ്മരിക്കേണ്ടതില്ല. എന്നാൽ അസത്യത്തിന് മുകളിൽ സത്യത്തിന്റെ ത്രിവർണ പതാക തന്നെയാകും വാനിലേക്കുയരുക. ഈ ശുഭസായിയായ ധന്യമുഹൂർത്തത്തിൽ ഇന്ത്യ എന്ന ആശയത്തെ മുറുകെപ്പിടിക്കാം നമുക്ക്.

രാജ്യത്തിന്റെ അന്തസ്സും ഐക്യവും തന്നെയാണ് ഇന്ത്യയെ സംബന്ധിച്ച അന്തിമ തീർപ്പ്. ആര് അധികാരത്തിലേറുന്നു എന്നതിലല്ല കാര്യം. തോറ്റവരും ജയിച്ചവരും ഒരുപോലെ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പൊരുളിലാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത കുടികൊള്ളുന്നത്. ഏഴരപ്പതിറ്റാണ്ട് പിന്നിടുകയാണ് ഇന്ത്യ. അതിനിടക്ക് ഒരിക്കൽ മാത്രമാണ് സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് അടിയന്തരാവസ്ഥ കടന്നുവന്നത്. 1947 വരെ ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനും ബംഗ്ലാദേശും 1937 ൽ ഇന്ത്യയിൽനിന്ന് വേർപെട്ട ബർമയും തൊട്ടയൽരാജ്യമായ ശ്രീലങ്കയും മറ്റും നേരിടേണ്ടിവന്ന രാഷ്ട്രീയ പരീക്ഷണങ്ങളിൽനിന്ന് ഇന്ത്യ മുക്തമായതും ലോകത്തിന്റെ മുന്നിൽ തലയെടുപ്പോടെ നിലയുറപ്പിക്കാനായതും ഇന്ത്യക്ക് മാത്രം അവകാശപ്പെട്ട ബഹുസ്വരതയുടെ ഉൾക്കാമ്പിന്റെ ബലത്താലാണ്. 

ലോകത്തിലെ ഏറ്റവും ഊർജസ്വലമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനാധിപത്യം, മതനിരപേക്ഷത, നാനാത്വത്തിൽ ഏകത്വം, ഭരണഘടന ഉറപ്പു നൽകുന്ന തുല്യനീതി മുതലായ ബലിഷ്ഠ സ്തംഭങ്ങളിൽ പടുത്തുയർത്തപ്പെട്ടു എന്നതാണ് ധിഷണാശാലികളായ നേതാക്കൾ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ സുകൃതം. ഈ പാരമ്പര്യം മുറുകെപ്പിടിക്കുന്ന കാലത്തോളം ഇന്ത്യ അജയ്യമായി നിലനിൽക്കുക തന്നെ ചെയ്യും. 142 കോടിയിലധികം വരുന്ന ഇവിടത്തെ മനുഷ്യരിൽ ഹിന്ദുക്കൾ, മുസ്ലിംകൾ, ക്രിസ്ത്യാനികൾ, സിക്കുമതക്കാർ, ബൗദ്ധർ, ജൈനർ, മറ്റു മതവിഭാഗങ്ങൾ, മതമില്ലാത്തവർ തുടങ്ങിയവരൊക്കെ ഉൾപ്പെടുന്നു. എല്ലാവരും ഇന്ത്യയെ അവരുടെ മാതൃരാജ്യമായി സ്‌നേഹിക്കുന്നു. ഐക്യത്തിന്റെയും സ്ഥിരപ്രതിഷ്ഠയുടെയും മകുടോദാഹരണമാണ് ഈ രാജ്യം. ഇവിടെയാരും അന്യരല്ല. ഇവിടെയാരും ആരേക്കാളും മുകളിലല്ല, താഴെയുമല്ല. 

സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന ദേശത്തിന്റെ അസ്ഥിവാരത്തിന് കീഴിൽ ഖനനം നടത്തിയാൽ വൈവിധ്യ വൈശിഷ്ട്യങ്ങളുടെ വേരുകൾ പരസ്പരം ഇണചേർന്ന സ്ഥിതിയിൽ കണ്ടെത്താനാകും. അതാണ് യഥാർത്ഥത്തിൽ ഇൻക്രഡിബിൾ ഇന്ത്യ. വേർപെടുത്താനും അപരവൽക്കരിക്കാനും ശ്രമിക്കുന്നവർ താഴ്‌വേരിന്റെ കടക്കൽ കത്തിവെച്ചുകൊണ്ട് വടവൃക്ഷത്തെ ഇല്ലായ്മ ചെയ്യുകയാണ്. അവരത് ചെയ്യുന്നത് അതിദേശീയതയുടെയോ പുതിയൊരു രാഷ്ട്ര സങ്കൽപത്തിന്റെയോ ആശയതലത്തിൽ നിന്നാണെങ്കിൽ പോലും ദുരന്തങ്ങളുടെ നിലയ്ക്കാത്ത ചാകരക്കാണ് തുടക്കം കുറിക്കുന്നത്. ഉൾക്കൊള്ളലിന്റെ പാരമ്പര്യമല്ലാത്ത ഒന്നും ഇന്ത്യയുടെ ഗാംഭീര്യത്തിന് ചേർന്നതല്ല. മനുഷ്യ കുലത്തിന്റെ ചരിത്രത്തിൽ നാഗരികത ഉടലെടുത്ത കാലം മുതൽ നിലനിൽക്കുന്ന രാജ്യമാണ് ഭാരതം. എല്ലാ നാഗരികതകളിലും മികച്ചത് നമ്മുടെ സൈന്ധവ നാഗരികതയുമാണ്. ഗതകാലത്തിന്റെ ശോഭനത്വം മണ്ണിലല്ല, മാനവ മനസ്സിലാണ് കുടികൊള്ളുന്നത്.   

നമ്മുടെ അത്യുന്നത സാംസ്‌കാരിക-സനാതന പാരമ്പര്യത്തിൽ ചാതുർവർണ്യത്തിന്റെ ആസുരത അരക്കിട്ടുറപ്പിച്ചതിനാൽ മഹാഭൂരിപക്ഷത്തെയും ശൂദ്രരും അവർണരുമാക്കി വിഭജിച്ചതിന്റെ ദുരന്തമാണ് സാംസ്‌കാരികമായി അധോഗതിയിൽ നിന്നിരുന്ന ഒരു  കൊച്ചു ദ്വീപ് ഈ മഹാരാജ്യത്തെയും പതിനഞ്ച് കോടിയിലധികം വരുന്ന ജനസഞ്ചയത്തെയും  അടിമകളാക്കി ഭരിച്ചത്. സമ്പന്നവും ജ്ഞാനത്തിന്റെ കലവറയുമായ ഈ നാടിനെ എന്നെന്നും കാൽകീഴിൽ നിലനിർത്താൻ വേണ്ടി വിഭജിച്ച് ഭരിക്കുക എന്ന ഹീനമായ റോമൻ യുക്തികൗശലമാണ് ലോർഡ് മിന്റോ മുതലുള്ള വൈസ്രോയിമാർ നടപ്പിലാക്കിയത്. ആ വിഭജനത്തിന്റെ കയ്പുനീരാണ് ഇന്നും ഇന്ത്യ അനുഭവിക്കുന്നത്. 
   
1765 നും 1938 നും ഇടക്ക് ബ്രിട്ടൻ ഇന്ത്യയിൽനിന്നും കൊള്ളയടിച്ചതിന്റെ ഇന്നത്തെ മൂല്യം നാൽപത്തിയഞ്ച് ട്രില്യൺ ഡോളറിന് തുല്യമാണെന്ന് കൊളംബിയ യൂനിവേഴ്‌സിറ്റിയിൽ റിസർച്ച് നടത്തിയ ഉത്സ പട്‌നായിക് വെളിപ്പെടുത്തുന്നു. അതായത്, അമേരിക്ക, ചൈന, ജപ്പാൻ എന്നീ മൂന്ന് രാജ്യങ്ങളുടെ ജി.ഡി.പിക്ക് തുല്യമാണ്  ഈ സംഖ്യ. രണ്ട് നൂറ്റാണ്ട് നമ്മെ ഭരിച്ച ബ്രിട്ടന്റെ ഇന്നത്തെ ജി.ഡി.പിയുടെ 17 മടങ്ങ് വരുമിത്. അവസാന മുഗൾ ഭരണാധികാരിയുടെ കാലത്തെ ഏറ്റവും സമ്പന്ന ലോക രാജ്യം ഇന്ത്യയായിരുന്നു. 26% ജി.ഡി.പിയുണ്ടായിരുന്നത് ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുമ്പോൾ നാല് ശതമാനത്തിനും താഴെയായിരുന്നു.  

വിഭജിച്ച് ഭരിക്കുക എന്ന കുതന്ത്രം ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമാണിന്ന്. ഗുജറാത്തും ഉത്തർപ്രദേശും ഉത്തരാഖണ്ഡും മധ്യപ്രദേശും ആ വഴിയിൽ ഒരുപാട് കാതം പിന്നിട്ടു. മണിപ്പൂരും ഹരിയാനയും ദൽഹിയും ഇന്നാ വെറുപ്പിന്റെ പർണശാലകളായി ഭാവം മാറിക്കൊണ്ടിരിക്കുന്നു. ഇന്നലെ വരെ കോടാനുകോടി ജനഹൃദയങ്ങളിൽ ലബ്ധപ്രഷ്ടരായ ഡസൻകണക്കിന് മഹത് വ്യക്തിത്വങ്ങൾ  പാഠപുസ്തകത്തിൽനിന്നും ചരിത്രത്തിനിന്ന് തന്നെയും നിഷ്‌കാസനം ചെയ്യപ്പെടുകയാണ്. അവഗണിക്കപ്പെട്ടവരിൽ ഗാന്ധിജിയും നെഹ്‌റുവും ആസാദുമുണ്ട്. മതത്തിന്റെ  പേരിൽ ചിലരെ നമ്മുടെ എന്നും മറ്റു ചിലരെ വൈദേശികരെന്നും മുദ്ര കുത്തി അപരവൽക്കരണ ശ്രമം ഉത്തരേന്ത്യയിൽ നിത്യക്കാഴ്ചയായി മാറിയിരിക്കുന്നു. 

റെയിൽവേയിൽ യാത്ര ചെയ്യവേ ഒരു റെയിൽവേ കോൺസ്റ്റബിൾ അപരവൽക്കരണത്തിന്റെയും വെറുപ്പിന്റെയും സ്വാധീന വലയത്തിൽപെട്ട് നിരപരാധികളായ നാല് മനുഷ്യരെ അവരുടെ മതം വേറെയായ കാരണത്താൽ വെടിവെച്ച് കൊന്നു. കോലാപ്പൂർ ഇൻസ്റ്റിറ്റൃൂട്ട്  ഓഫ് ടെക്നോളജി കോളേജിലെ പ്രൊഫസർ തേജസ്വിനി ദേശായിയുടെ വിദ്യാർഥികൾ ഒരു പ്രത്യേക മതത്തിൽ പെട്ടവർ  ബലാത്സംഗികളും കുറ്റവാളികളുമാണ് എന്ന് പ്രസ്താവിച്ചപ്പോൾ, ഇതെല്ലാം പാട്ടിൽ ജാതിയിൽ പെട്ടവരും ചെയ്യുന്ന കുറ്റങ്ങളാണെന്ന് വിശദീകരിച്ച പ്രൊഫസറുടെ വാക്കുകൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് നൃശംസതക്ക് പുതിയ ഭാവം നൽകുന്ന കാഴ്ചയും കണ്ടു. പൊതുബോധ മൂല്യങ്ങൾ ഭീതിദമാംവണ്ണം മാറുന്നു. ആഭ്യന്തരമായി ഒരു അപരനെ സൃഷ്ടിക്കുന്നതോടു കൂടി ഫാസിസത്തിന്റെ പ്രോദ്ഘാടനം കുറിച്ചുവെന്ന് മനസ്സിലാക്കണം; രാജ്യം ശൈഥില്യത്തിന്റെ പാത തെരഞ്ഞെടുത്തുവെന്നും. എന്നാലിത്, മുൻകാല അനുഭവങ്ങൾ വ്യക്തമാക്കിത്തരും പോലെ, അസ്ഥിരവും അരാജകത്വവും നിറഞ്ഞ സംഘർഷ ഭൂമി മാത്രമേ ബാക്കിയാക്കൂ. ത്യാഗോജ്വല പോരാട്ടങ്ങളിലൂടെ കോളനി ശക്തികളിൽനിന്ന് രാജ്യം തിരിച്ചുപിടിച്ച മഹാനുഭാവർ അവശേഷിപ്പിച്ച ശാദ്വല തീരം മുന്നിലുള്ളപ്പോൾ വെറുപ്പിന്റെ നരകാവസ്ഥ മോഹിച്ച് നാം എന്തിനു വൃഥാ കാലം കളയുന്നു?    
 

Latest News