Sorry, you need to enable JavaScript to visit this website.

വത്തിക്കാൻ പ്രതിനിധിയെ വെല്ലുവിളിച്ച് വിമതർ; സെന്റ് മേരീസിൽ ജനാഭിമുഖ കുർബാനയുമായി വിശ്വാസികൾ

കൊച്ചി - ഏകീകൃത കുർബാന സംബന്ധിച്ച തർക്കത്തിനിടെ, എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള സെന്റ് മേരീസ് ബസലിക്കയിൽ ജനാഭിമുഖ കുർബാനയുമായി ഒരുവിഭാഗം വിശ്വാസികൾ. ഏകകൃത കുർബാന നടത്തണമെന്ന വത്തിക്കാൻ പ്രതിനിധിയുടെ പരിഹാര ശ്രമങ്ങളോട് വിമുഖത പ്രകടിപ്പിച്ച വിമത വിശ്വാസികളാണ് ജനാഭിമുഖ കുർബാന നടത്തുന്നതെന്നാണ് വിവരം. 
 നൂറിലധികം വൈദികർ കുർബാനയിൽ പങ്കെടുക്കുന്നുണ്ട്. അഞ്ഞൂറിലധികം വിശ്വാസികൾ കുർബാനയുടെ ഭാഗമാണെന്ന് ഇവർ പറയുന്നു. സിനഡ് തീരുമാനം വെല്ലുവിളിച്ച് പടക്കം പൊട്ടിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന പ്രശ്‌നത്തിൽ പ്രതിഷേധക്കാരായ വൈദികരെയും വിശ്വാസികളെയും വിമർശിച്ച് വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസൽ രംഗത്തെത്തിയതിന് പിന്നാലെയാണ് വിമതരുടെ പ്രതിഷേധ കുർബാന. 
 സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃത കുർബാന തടയുന്നത് ഇരുണ്ട ശക്തികളാണെന്നും വിഷയത്തിൽ അനന്തമായ ചർച്ച ഇനി സാധ്യമല്ലെന്നും വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസൽ വ്യക്തമാക്കിയിരുന്നു. അതിരൂപതയിലെ സ്ഥിതിഗതികളിൽ മാർപാപ്പയ്ക്ക് ഉത്കണ്ഠയുണ്ട്. ഏകീകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപ്പാപ്പയുടെ ആവശ്യം. പ്രതിഷേധക്കാർ മാർപാപ്പയുടെ കൂടെയാണോ അതോ എതിരാണോ എന്നും മാർ സിറിൽ വാസൽ ചോദിക്കുകയുണ്ടായി.
 വിശ്വാസികൾ കത്തോലിക്കാ സഭയിലും മാർപാപ്പയിലും അടിയുറച്ചു നിൽക്കണം. സഭയോടും ഇടയന്മാരോടും അനുസരണക്കേടിലേക്ക് നയിക്കുന്ന കുഴപ്പക്കാരുടെ ശബ്ദത്തിന് മുൻഗണന നൽകരുതെന്നും വത്തിക്കാൻ പ്രതിനിധി മുന്നറിയിപ്പ് നൽകിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിക്കാനാണ് മാർപ്പാപ്പയുടെ നിർദേശാനുസരണം വത്തിക്കാൻ പ്രത്യേക പ്രതിനിധിയെ കൊച്ചിയിലേക്ക് അയച്ചത്.
 

Latest News