ജിദ്ദ - സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത് തുടരുന്നു. തുടർച്ചയായി മൂന്നാം പാദത്തിലാണ് കമ്പനികളുടെ ലാഭം ഇടിയുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി എണ്ണ കമ്പനികളും പെട്രോകെമിക്കൽ കമ്പനികളും തിരിച്ചടി നേരിട്ടത് സൗദി കമ്പനികളുടെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചു. എന്നാൽ രണ്ടാം പാദത്തിൽ ബാങ്കിംഗ് മേഖല വളർച്ച കൈവരിച്ചു.
ഇക്കഴിഞ്ഞ പാദത്തിൽ സൗദി കമ്പനികളുടെ ലാഭം 36 ശതമാനം തോതിൽ കുറഞ്ഞു. ഈ വർഷം രണ്ടാം പാദത്തിൽ സൗദി കമ്പനികൾ ആകെ 148.8 ബില്യൺ റിയാൽ ലാഭമാണ് നേടിയത്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ ഇത് 231.7 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ കമ്പനികളുടെ ലാഭത്തിൽ 82.9 ബില്യൺ റിയാലിന്റെ കുറവുണ്ടായി.
ഈ വർഷം ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ കമ്പനികളുടെ ലാഭം ഒരു ശതമാനം തോതിൽ കുറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഊർജ, പെട്രോകെമിക്കൽ കമ്പനിയായ സൗദി അറാംകൊ രണ്ടാം പാദത്തിൽ 112.8 ബില്യൺ റിയാൽ ലാഭം നേടി. കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ കമ്പനി അറ്റാദായം 38 ശതമാനം തോതിൽ കുറഞ്ഞു. ആഗോള വിപണിയിൽ എണ്ണ വില ഇടിഞ്ഞതാണ് സൗദി അറാംകൊ ലാഭത്തെ ബാധിച്ചത്. സൗദി അറാംകൊ ഒഴികെയുള്ള കമ്പനികൾ 36 ബില്യൺ റിയാലാണ് രണ്ടാം പാദത്തിൽ ലാഭം നേടിയത്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ മറ്റു കമ്പനികളുടെ ലാഭം 28 ശതമാനം തോതിലും കുറഞ്ഞു.
രണ്ടാം പാദത്തിൽ ഊർജ മേഖലാ കമ്പനികളുടെ ലാഭം 39 ശതമാനം തോതിലും അടിസ്ഥാന വസ്തു മേഖലാ കമ്പനികളുടെ ലാഭം 83 ശതമാനം തോതിലും കുറഞ്ഞു. എന്നാൽ ബാങ്കുകളുടെ ലാഭം 14 ശതമാനം തോതിൽ വർധിച്ചു. മൂന്നു മാസത്തിനിടെ ബാങ്കുകൾ 17.2 ബില്യൺ റിയാലാണ് ലാഭം കൈവരിച്ചത്. ടെലികോം കമ്പനികൾ 3.7 ബില്യൺ റിയാൽ ലാഭം നേടി. ടെലികോം മേഖലാ ലാഭം 11 ശതമാനം തോതിൽ വർധിച്ചു. രണ്ടാം പാദത്തിൽ 12 മേഖലകൾ ലാഭം രേഖപ്പെടുത്തി. ഇൻഷുറൻസ്, ഫാർമസ്യൂട്ടിക്കൽസ് മേഖല ഇക്കഴിഞ്ഞ പാദത്തിൽ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് മാറി. ഇൻഷുറൻസ് മേഖല 1.2 ബില്യൺ റിയാലും ഫാർമസ്യൂട്ടിക്കൽസ് മേഖല 10.8 കോടി റിയാലും രണ്ടാം പാദത്തിൽ ലാഭം നേടി.