റിയാദ് - ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്‌യാൻ ഈ വാരാന്ത്യത്തിൽ റിയാദ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഏകദിന സന്ദർശനത്തിന് റിയാദിലെത്തുന്ന ഇറാൻ വിദേശ മന്ത്രി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ചർച്ച നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ സൗദി അറേബ്യയും ഇറാനും അംബാസഡർമാരെ പരസ്പരം നിയമിക്കുമെന്ന് ഇറാൻ വിദേശ മന്ത്രി പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ ഇറാൻ അംബാസഡർ സൗദിയിലേക്ക് പോവുകയും സൗദി അംബാസഡർ തെഹ്‌റാനിലേക്ക് വരികയും ചെയ്യുമെന്ന് ഇറാൻ വിദേശ മന്ത്രി പറഞ്ഞു.
ഉഭയകക്ഷി പ്രശ്‌നങ്ങൾ, വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കൽ എന്നിവയെ കുറിച്ച് സൗദി സന്ദർശനത്തിനിടെ ഇറാൻ വിദേശ മന്ത്രി സൗദി നേതാക്കളുമായി ചർച്ചകൾ നടത്തുമെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് നാസിർ കൻആനി പറഞ്ഞു. ഏഴു വർഷത്തെ ഇടവേളക്കു ശേഷം നയതന്ത്രബന്ധം പുനരാരംഭിക്കാൻ ചൈനയുടെ മധ്യസ്ഥതയിൽ മാർച്ച് 10 ന് സൗദി അറേബ്യയും ഇറാനും ബെയ്ജിംഗിൽ വെച്ച് കരാർ ഒപ്പുവെച്ചിരുന്നു.