കണ്ണൂർ - പശുക്കളെ മോഷ്ടിച്ച് വിൽക്കുന്നത് പതിവാക്കിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. കണ്ണവം ചെറുവാഞ്ചേരി തുണ്ടിയിൽ ഹൗസിൽ ടി. ഹാരിസ് (36), തലശ്ശേരി തലായി ചക്ക്യത്ത് മുക്കിലെ പള്ളിപ്പറമ്പ് ഹൗസിൽ പി.കെ മുഷ്താഖ് (27) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ജില്ലാ ആശുപത്രി പരിസരത്ത് പട്രോളിംഗ് നടത്തുകയായിരുന്ന കണ്ണൂർ സിറ്റി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനൂപ് കുമാറും സംഘവും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് പശുക്കളെ മോഷ്ടിച്ച് വിൽപന നടത്തുന്ന കാര്യം ഇവർ പറഞ്ഞത്.
സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പശുക്കൾ മോഷണം പോയെന്ന രണ്ട് പരാതി നിലവിലുണ്ട്. ഇതിൽ ഒരു പശുവിനെ മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഹാരിസിന്റെ പേരിൽ 2006ൽ കണ്ണവം പൊലീസ് സ്റ്റേഷനിൽ പശുവിനെ മോഷ്ടിച്ചതിന് കേസ് നിലവിലുണ്ട്. ഇതുകൂടാതെ അടിപിടി, കഞ്ചാവ് കേസുകളിലും പ്രതിയാണ് ഹാരിസ്. മുഷ്താഖിന്റെ പേരിൽ തലശ്ശേരി പോലീസ് സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കോടതി ഇരുവരെയും റിമാന്റ് ചെയ്തു.